പ്രധാനമന്ത്രിയുടെ നവംബര്‍ 8 ന്‍റെ പ്രസംഗം കേട്ട നിങ്ങള്‍ ഡിസംബര്‍ 31 ന് ഇതുപോലൊരു പ്രസംഗമാണോ പ്രതീക്ഷിച്ചിരുന്നത്. അന്ന് മിന്നലാക്രമണത്തിന്‍റെ വീരസ്യമായിരുന്നു. എന്നാല്‍ ഇന്ന് വമ്പ് പറച്ചില്‍ ഇല്ല. ജനങ്ങളുടെ ദുരിതവര്‍ണ്ണനയില്‍ ഒരു ശോകരാഗം. എങ്കിലും തനിക്ക് തെറ്റിപ്പോയി എന്നു പറയാനാവില്ലല്ലോ. ഈ 50 ദിവസം കൊണ്ട് എന്തു നേടി? എത്ര കോടി കള്ളപ്പണം പിടിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമൊന്നും പ്രധാനമന്ത്രി നല്‍കിയില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം വീണ്ടും വീണ്ടും വായിച്ചപ്പോള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇവയൊക്കെയാണ്.

1) കഴിഞ്ഞ 12 വര്‍ഷമായി അത്ര നിയമവിധേയമല്ലാത്ത കൈമാറ്റങ്ങള്‍ക്കും സമാന്തര സമ്പദ്വ്യവസ്ഥയ്ക്കും വേണ്ടി ഉപയോഗിച്ചിരുന്ന 500 ന്‍റെയും 1000 ന്‍റെയും നോട്ടുകള്‍ ഇല്ലാതാക്കി. എത്ര ആലോചിച്ചിട്ടും 500 ന്‍റെയും 1000 ന്‍റെയും നോട്ടുകള്‍ മുഴുവന്‍ കള്ളപ്പണമാകുന്നതെങ്ങനെയെന്ന് മനസ്സിലായില്ല. കള്ളപ്പണത്തിന്‍റെ ആറ് ശതമാനമേ നോട്ടുകള്‍ വരൂ എന്നാണല്ലോ ഔദ്യോഗിക കണക്ക്. ഇത് എന്തു തന്നെയായാലും നവംബര്‍ 8 മുതല്‍ ഞാന്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യവും നോട്ട് റദ്ദാക്കുന്നതിന് മൂന്നു മാസത്തെ സാവകാശം കൊടുത്തുകൊണ്ട് ജനങ്ങളെ ഇത്രയ്ക്ക് ബുദ്ധിമുട്ടിക്കാതെ ഇതേ ലക്ഷ്യം കൈവരിക്കാമായിരുന്നൂവല്ലോ. എന്തിന് അര്‍ദ്ധരാത്രിയില്‍ പൊടുന്നനെയുള്ള ഈ റദ്ദാക്കല്‍?

2) ഭീകരത, നക്സലിസം, മാവോയിസം, കള്ളനോട്ട്, മയക്കുമരുന്ന് വ്യാപാരം, മാംസകച്ചവടം എന്നിവയ്ക്കൊക്കെ നോട്ട് റദ്ദാക്കല്‍ തിരിച്ചടിയായി.എത്ര നാളത്തേയ്ക്ക് എന്നുള്ളത് കാത്തിരുന്നുകാണാം. ഇവയെല്ലാം ഒരേ ഗണത്തില്‍പ്പെടുത്തുന്നതും ശരിയാണോയെന്ന പ്രശ്നവുമുണ്ട്. ഇവരെ പിടിക്കാന്‍ നാട്ടിലെ ജനങ്ങളുടെ മുഴുവന്‍ പണം ബന്ദിയാക്കുന്നത് എത്ര അപഹാസ്യമാണ്.

3) ഇത്ര കുറച്ചു സമയംകൊണ്ട് ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയ്ക്ക് ഇത്രയേറെ പണം ലഭിച്ച മറ്റൊരു സന്ദര്‍ഭത്തിന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടില്ല.ഇന്ന് വന്നിരിക്കുന്ന പണമെല്ലാം ബലം പ്രയോഗിച്ച് പിടിച്ചിട്ടിരിക്കുന്നതാണ്. നിയന്ത്രണങ്ങളെല്ലാം നീക്കിയാല്‍ അവയെല്ലാം പതിവുപോലെ തിരിച്ചു പോകും. നിയന്ത്രണങ്ങളാകട്ടെ ബാങ്കിലുള്ള വിശ്വാസം ഇടിക്കുകയേ ചെയിത്ട്ടുള്ളൂ. സത്യം പറഞ്ഞാല്‍ ബാങ്കുകള്‍ കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്. ഈ ഭീമമായ ഡെപ്പോസിറ്റുകള്‍ക്കെല്ലാം പലിശ നല്‍കണം. പുതിയ വായ്പയില്‍ നിന്നുള്ള പലിശ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. നിഷ്ക്രിയാസ്തികളും വര്‍ദ്ധിച്ചു.

അതുകൊണ്ട് മോഡി ഇനിയും വിശദീകരിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഇത്രയേറെ ദുരിതം അടിച്ചേല്‍പ്പിച്ചിട്ട് 50 ദിവസങ്ങള്‍ കൊണ്ട് എന്തു നേടി?

ഡോ: തോമസ് ഐസക്  ഫേസ്ബുക്കിൽ കുറിച്ച വരികളാണ്

LEAVE A REPLY

Please enter your comment!
Please enter your name here