ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് വി എസ്.

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനോട് വി എസ് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന. വ്യാഴാഴ്ച സമരം ചെയ്യുന്ന ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ വി എസിനെ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍

വിദ്യാര്‍ത്ഥി സമരം 24ാം ദിവസം പിന്നിട്ടിട്ടും സമവായമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും വി എസിന്റെ ഇടപെടലുണ്ടായത്. നേരത്തെ എസ്എഫ്‌ഐ സമരപന്തല്‍ സന്ദര്‍ശിച്ച് ഭൂമി വിവാദത്തിന് തിരികൊളുത്തിയ വി എസിന്റെ നടപടിയായിരുന്നു ലോ അക്കാദമി സമരത്തെ വഴിത്തിരിവിലെത്തിച്ചിരുന്നത്.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി ദുരുപയോഗം ചെയ്തതിനാല്‍ അവ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വി എസ് നല്‍കിയ പരാതിയില്‍ റവന്യൂ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയുമാണ്.

സമരക്കാരുമായും മാനേജ്‌മെന്റുമായും ചര്‍ച്ച നടത്തി സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കാണണമെന്നതാണ് വി എസിന്റെ ആവശ്യം. നേരത്തെ എസ്എഫ്‌ഐ സമരം പിന്‍വലിച്ച ഘട്ടത്തിലും സമരത്തിന് ആധാരമായ കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നതായി വി എസ് അഭിപ്രായപ്പെട്ടിരുന്നു.

എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി മറ്റൊരു തീരുമാനം ഇനി ഉണ്ടായാല്‍ സംഘടനാപരമായി വലിയ തിരിച്ചടിയാവുമെന്നതിനാല്‍ സി പി എം നേത്യത്വം ജാഗ്രതയോട് കൂടിയാണ് വിഷയത്തെ നോക്കി കാണുന്നത്.

എസ്എഫ്‌ഐക്ക് നല്‍കിയതിന് അപ്പുറം ഒരു ഉറപ്പും തങ്ങള്‍ക്ക് നല്‍കാനില്ലന്നാണ് ലോ അക്കാദമി മാനേജ്‌മെന്റിന്റെ ഇതുവരെയുള്ള നിലപാട്. സി പി ഐ വിദ്യാര്‍ത്ഥി സംഘടന സമര രംഗത്ത് തുടരുന്നതാണ് മാനേജ്‌മെന്റിനും സര്‍ക്കാറിനും തലവേദന സൃഷ്ടിക്കുന്നത്.

വി എസിന്റെ ആവശ്യം പരിഗണിച്ച് വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചാല്‍ മാനേജ്‌മെന്റ് നിലവില്‍ എസ്എഫ്‌ഐക്ക് നല്‍കിയ എഗ്രിമെന്റ് പ്രകാരം തന്നെ എ ഐ എസ് എഫ് സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന എ ബി വി പി ,കെ എസ് യു, എ എസ് എഫ് തുടങ്ങിയ സംഘടനകളും അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ മാറി നില്‍ക്കണമെന്ന തീരുമാനം സര്‍ക്കാര്‍ ചര്‍ച്ചയുടെ ഭാഗമായി വരികയാണെങ്കില്‍ അത് അംഗീകരിച്ചേക്കും.

അതേസമയം വിദ്യാര്‍ത്ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എയും ബി ജെ പി വക്താവ് വി വി രാജേഷും നടത്തുന്ന നിരാഹാര സമരം ലോ അക്കാദമി കവാടത്തില്‍ ഇപ്പോഴും തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here