തിരുവനന്തപുരം ലോ അക്കാദമിക്കു ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി രംഗത്ത്. ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം തുടരുമെന്നും റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ലോ അക്കാദമിക്കു ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. സി പി രാമസ്വാമിയുടെ കാലത്ത് ഏതോ ഒരു പിള്ളയുടെ ഭൂമി ലോ അക്കാദമിക്കു നല്‍കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ഈ സര്‍ക്കാരിന്റെ കാലത്തോ മുന്‍ സര്‍ക്കാരിന്റെ കാലത്തോ അല്ല ഭൂമി കൈമാറിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യത്തിലാണ് റവന്യു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്കു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ഇതോടെ ലോ അക്കാദമി ഭൂമിപ്രശ്‌നത്തില്‍ സര്‍ക്കാരിനുള്ളില്‍ തന്നെയുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഒരു തട്ടിലും റവന്യൂ മന്ത്രിയും വിഎസ് അച്യൂതാനന്ദനും മറുതട്ടിലുമായിരിക്കുകയാണ്.

അതേസമയം, സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോവുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും ബാക്കി നടപടിയെന്നും കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here