മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടിപാടുകള്‍ വരുത്തി തീര്‍ത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തില്‍ അതിനൂതനമായി തീര്‍ന്നു.

ശസ്ര്തക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കല്‍ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളര്‍ത്തി എടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവമാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ര്തത്തിനു സാധിക്കുന്നു. വൈദ്യശാസ്ര്തം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കല്‍ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കല്‍ സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.

അവയവദാനം എന്നത് നമ്മളെല്ലാം കേള്‍ക്കുന്ന, പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ്. പക്ഷേ അവയവദാനത്തിന് എത്ര പേര് തയ്യാറാകുന്നുണ്ട്. അവയവം ദാനം ചെയ്യാതിരിക്കുന്നതിന് പലര്‍ക്കും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും. കേരളത്തില്‍ അവയവദാനത്തിൻറെ കാര്യത്തില്‍ പുതിയ ഒരു അവബോധം ഉണ്ടാക്കിയ വ്യക്തിയാണ് ഫാദര്‍ ഡേവിസ് ചിറമേല്‍. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹം, പിന്നീട് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന ഒരു പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. ഈ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചു ദുരിതങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് വലിയ ഒരു തണൽ മരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ ഏൽപ്പിച്ച ഓരോ ഡോളറും വൃക്ക രോഗത്താൽ വലയുന്നവർക്കു ആശ്വാസമായി.

കേരളത്തിലെ നിരാലംബരായ വൃക്ക രോഗികളെ ഡയാലിസിസ് ഉൾപ്പെടെയുള്ള വൃക്കരോഗചികിത്സകളിൽ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിവച്ച കാരുണ്ണ്യ പദ്ധതി ആണ് വൺ ഡോളര്‍  റെവലൂഷൻ. സന്മനസ്സുള്ള അമേരിക്കന്‍   മലയാളികളിൽ നിന്നും വർഷംതോറും വളരെ ചെറിയ ഒരു തുക സംഭാവനയായി സ്വീകരിക്കുകയും അതു കേരളത്തിലെ വൃക്കരോഗികളുടെ ചികിത്സക്കായി വിനിയോഗിക്കുകയുമാണ് വൺ ഡോളർ റിവൊല്യൂഷൻ ചെയ്യുന്നത്.  പ്രതിവർഷം വെറും 52 ഡോളര്‍ ഈ പദ്ധതിയിൽ  അംഗമാകുന്നത് . ഓരോ അംഗവും നൽകുന്ന പണം കൃത്യമായി കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികളുടെ ചികിത്സക്കായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പ്രത്യേകത.

ഒരുവന്റെ മനസിൽ മനുഷ്യത്വമുണ്ടാകുമ്പോഴാണ് അവൻ മനുഷ്യനാകുന്നതെന്നും മനുഷ്യത്വം നഷ്‌ടപ്പെടുന്നതോടെ മനുഷ്യനിൽ ദുഷ്‌ടത തഴച്ചുവളരുന്നുവെന്നും വലിയ പാഠമാണ് ഡേവിസ് ചിറമേൽ അച്ചൻ നമ്മെ പഠിപ്പിക്കുന്നത്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്‌ടത വർധിച്ചിരിക്കുന്നുവെന്ന വേദവാക്യം അന്വർഥമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  മനസിൽ സ്നേഹം വറ്റുമ്പോൾ അരാജകത്വവും ദുഷ്‌ടതയും വർധിക്കും. അധികാരവും സമ്പത്തുമല്ല, മനുഷ്യത്വമാണ് വേണ്ടതെന്ന ബോധ്യം ഉണ്ടാകണം. ദൈവം ഭൂമിയിൽ സൃഷ്‌ടിച്ച സുന്ദരമായ ഒന്നാണ് മനുഷ്യൻ. നല്ല മനുഷ്യനായി ജീവിക്കുകയെന്നതാണ് ചെറുജീവിതം കൊണ്ട് അർഥമാക്കുന്നത്. സ്വന്തം വർഗത്തിൽപെട്ട ജീവികളെ ഭൂമിയിൽ കൊല്ലുന്നത് മനുഷ്യൻ മാത്രമാണ്.

സഹോദരനെ കൊല്ലുന്നതിന് മനുഷ്യന് ഇന്നു യാതൊരു ബുദ്ധിമുട്ടുമില്ലാതായിരിക്കുന്നു. മനുഷ്യത്വം മരവിച്ച കാലഘട്ടത്തിൽ സനേഹത്തിന്റെയും കാരുണ്യത്തിന്റെയും വക്‌താക്കളാകാൻ ഫാ.ഡേവിസ് ചിറമേൽ തന്റെ പ്രവർത്തനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു.

അമേരിക്കയിൽ നിരവധി സംഘടനകൾ ജീവകാരുണ്യ സംഘടനകൾ ഉണ്ടെങ്കിലും ഈ അടുത്ത കാലത്തു അച്ചന്റെ കിഡ്‌നി ഫെഡറേഷന് ലഭിച്ചതുപോലെ മാനസിക പിന്തുണ മറ്റൊരു സംഘടനയ്ക്കും ലഭിച്ചിട്ടിട്ടുണ്ടാകില്ല. കേരളത്തിലെ കിഡ്‌നി രോഗികള്‍ക്കു സഹായഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ഡോളര്‍ റവല്യൂഷന്‍ യു.എസ്.എയുടെ പ്രവര്‍ത്തനം ഇതിനോടകം അമേരിക്കൻ മലയാളികൾ ഏറ്റെടുത്തു. കുടുംബം മനുഷ്യബന്ധങ്ങളുടെ നിര്‍മിതിയാണ്. പരസ്പരസ്നേഹവും കാരുണ്യവും നഷ്ടപ്പെടുന്നിടത്ത് ബന്ധങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സ്വന്തം വംശത്തിലെ ജീവികളെ കൊന്നുകളയുന്ന ഏക ജീവി മനുഷ്യനാണെന്നുപറയേണ്ട ഭീകരമായ അവസ്ഥ  സങ്കടകരമാണ്. മനുഷ്യത്വം എന്ന മനുഷ്യന്‍െറ പ്രത്യേകത  ഇന്ന് ഇല്ലാതെയായി.  മനുഷ്യകുലം മൃഗതുല്യമാകുന്ന സമകാലിക സാഹചര്യങ്ങള്‍  ആശങ്കയുളവാക്കുന്നു. ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലും ആവുക എന്ന ഉദ്ദേശ്യത്തിലാണ് മുന്‍പരിചയംപോലുമില്ലാതിരുന്ന ഒരു വ്യക്തിക്കായി സ്വന്തം അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്തത്. അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തില്‍ ഒരുപാട് കടമ്പകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. 

എന്നാല്‍, ഇന്ന് കേരളത്തില്‍ ഒരുപാട് ആളുകള്‍ അവയവദാനത്തിനായി മുന്നോട്ടുവരുന്നുണ്ടെന്ന് അദ്ദേഹം പല വേദികളിലും പറയാറുണ്ട്. വൃക്കരോഗികള്‍ക്കായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലായി ഡയാലിസിസ് സൗജന്യമായി ചെയ്തുവരുന്നുണ്ട്. എല്ലാ മാസവും ഒരു ഡോളറെങ്കിലും  മാറ്റിവെച്ച് സ്വന്തം പിറന്നാളിനോ കുട്ടികളുടെ പിറന്നാളിനോ ഒരു കിഡ്നി രോഗിയുടെ ഡയാലിസിസിനായി നല്‍കുന്ന കാരുണ്യപദ്ധതി ഓരോ കുടുംബവും ഏറ്റെടുക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന അമേരിക്കൻ മലയാളികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ആ കയ്യടികളുടെ അലകൾ വീണ്ടും ഉണരുന്നു.

ജാതിക്കും മതത്തിനും വര്‍ഗത്തിനും ദേശത്തിനും അതീതമായി വിശ്വമാനവികതയുടെ പ്രതീകമായി അവയവദാനത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഫാ. ഡേവിസ് ചിറമേലിന്റെ പ്രത്യാശ നാം ഏറ്റെടുക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ.

LEAVE A REPLY

Please enter your comment!
Please enter your name here