സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടാണെന്ന സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണെന്ന് കാനം പറഞ്ഞു.

നിലമ്പൂർ ഏറ്റുമുട്ടൽ തെറ്റെന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ സി.പി.എമ്മുമായി ചര്‍ച്ച ചെയ്യാന്‍ തയാറെന്നും അദ്ദേഹം വ്യക്തമാക്കി. 

ജിഷ്ണുവിന്റെ കുടുംബത്തോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തെ കുറിച്ചുള്ള കാനത്തിന്റെ പ്രതികരണം സമരം കൊണ്ടെന്ത് നേടിയെന്നത് മുതലാളിമാരുടെ ചോദ്യമാണെന്നായിരുന്നു.

രമണ്‍ ശ്രീവാസ്തവ എന്ന കേള്‍ക്കുമ്പോള്‍ സിറാജുന്നീസയെയും കെ കരുണാകരനെയുമാണ് ഓര്‍മ്മ വരുന്നത്. എന്നാല്‍ ഉപദേശകരായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ്. മൂന്നാറില്‍ റവന്യൂവകുപ്പ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമാണ്. റവന്യൂമന്ത്രിയുടെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കാനം വ്യക്തമാക്കി.

പൊലിസിനു മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്. പൊലിസിനെ ഇത്തരത്തില്‍ കയറൂരി വിടരുത്. ഇടതു നയമല്ല ഇപ്പോള്‍ പൊലിസ് നടപ്പാക്കുന്നത്.

ജിഷ്ണു സംഭവത്തില്‍ കുടുംബത്തിന്റെ സമരം അവസാനിപ്പിക്കാന്‍ താനാണ് ഇടപെട്ടതെന്ന് അവകാശപ്പെട്ടിട്ടില്ല. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി ജയരാജനോട് മാത്രമാണ് ഇക്കാര്യം സംസാരിച്ചിട്ടുള്ളത്. അവര്‍ക്ക് ഇതറിയാമെന്നും കാനം പറഞ്ഞു.

വാര്‍ത്താ സമ്മേളനം വിളിച്ചാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും നിലപാടു മാറ്റത്തേയും കാനം തുറന്നടിച്ചത്. പൊലിസിന്റെ ഓരോ നടപടികളെയും എടുത്തെടുത്ത് വിമര്‍ശിച്ചു. നിലമ്പൂര്‍ ഏറ്റുമുട്ടല്‍, ജിഷ്ണു സംഭവം, യു.എ.പി.എ എന്നീ കാര്യത്തില്‍ നിശിത വിമര്‍ശനം നടത്തി.

യു.എ.പി.എ കരിനിയമമാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇത് ദുരുപയോഗം ചെയ്യരുതെന്നാണ് ഇടതുസര്‍ക്കാര്‍ നയം. ഈ നയം മറികടന്ന് ഇടതു സര്‍ക്കാര്‍ തന്നെ യു.എ.പി.എ ഉപയോഗിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പൊതുനിലപാട് ദുര്‍ബലപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here