തിരുവനന്തപുരം:ഭൂമി കൈയേറിയെന്ന കുറ്റത്തിന് കേരളത്തില്‍ ഒരുമന്ത്രിയുടെ സ്ഥാനം നഷ്ടമാകുമോ? മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇന്ന് പരിശോധിക്കുന്നതോടെ ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയാകും. മന്ത്രിയുടെ അഭിപ്രായംകൂടി രേഖപ്പെടുത്തിയശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് സാധ്യത. തുടര്‍നടപടികളില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.

കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് റവന്യൂമന്ത്രി പറഞ്ഞ മറുപടി ഇതായിരുന്നു. ഇന്നലെ കാസര്‍കോടായിരുന്നതിനാല്‍ ഇന്നായിരിക്കും അദ്ദേഹം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുക. റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമോ, തുടര്‍നടപടികള്‍ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. പൊതുവില്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുപോരുന്നത്. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് പാടം നികത്തിയാണ് നിര്‍മ്മിച്ചതെന്ന കണ്ടെത്തലുണ്ടെന്നാണ് സൂചന. ഭൂമിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഭൂരിപക്ഷവും കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാതെ നിജസ്ഥിതി റിപ്പോര്‍ട്ട് മാത്രമാണ് കലക്ടര്‍ സമര്‍പ്പിച്ചത്. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാടുമാറ്റുമോ എന്നതാണ് കാതലായ ചോദ്യം. തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം നീക്കം ശക്തമാക്കുന്ന പശ്ചാത്തലവും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here