മുംബൈ∙ ബോളിവുഡ് പാട്ടുകളിലേതുപോലെ ആടിപ്പാടിയും അടിപൊളി വസ്ത്രങ്ങൾ ധരിച്ചും ‘ദർശനം’ ന‍ൽകുന്ന വിവാദ സന്യാസിനി രാധേ മായ്ക്ക് സമൻസ്. സ്ത്രീധന പീഡനത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ കാന്തിവ്‌ലി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. ഔറംഗാബാദിലായിരുന്ന രാധേ മാ ഞായറാഴ്ച മുംബൈയിലെത്തിയിരുന്നു.

തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാധേ മാ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. ‘തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസുമായി സഹകരിക്കുമെന്നുമാണ് രാധേ മാ പറയുന്നത്. ‘പൊലീസുമായി സഹകരിക്കും, അവരും എന്റെ ഭക്തരാണ്’ എന്നായിരുന്നു ആദ്യപ്രതികരണം. എന്റെ സമ്പത്തു കണ്ടാണ് ചിലർ പരാതി ഉന്നയിക്കുന്നത്. അവരെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത് – രാധേ മാ കൂട്ടിച്ചേർത്തു.

സ്ത്രീധനപീഡനം സംബന്ധിച്ച പരാതിയാണ് രാധേ മായ്ക്കെതിരെ നിലവിലുള്ളത്. ആശ്രമം സന്ദർശിച്ച ഭർത്താവിനെയും കുടുംബത്തെയും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാൻ രാധേ മാ പ്രേരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.

ബോളിവുഡിലെ പ്രമുഖരടക്കം ആയിരക്കണക്കിനു ഭക്തരുണ്ട് രാധേ മായ്ക്ക്. ചുവന്ന വസ്ത്രമണിഞ്ഞ്, ഹിന്ദി സിനിമാപ്പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് രാധേ മായെക്കുറിച്ചുള്ള വിവാദങ്ങൾ തുടങ്ങിയത്. സംവിധായകൻ സുഭാഷ് ഗായിയും നടി രാഖി സാവന്തുമടക്കമുള്ളവർ രാധേ മായെ പിന്തുണയ്ക്കുന്നവരാണ്. ദുർഗാദേവിയുടെ പുനരവതാരമായി രാധേ മായെ കാണുന്ന വിശ്വാസികളുമുണ്ട്.

രാധേ മാ അഥവാ സുഖ്‍‌വീന്ദർ കൗർ രാധേ മാ എന്നറിയപ്പെടുന്ന സുഖ്‌വീന്ദർ കൗർ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ 1965 ഏപ്രിൽ നാലിന് ജനിച്ചു. കുട്ടിക്കാലത്ത് മിക്കപ്പോഴും വീടിനടുത്തുള്ള മാ കാളി ക്ഷേത്രത്തിലാണ് ചെലവിട്ടത്. 23-ാം വയസ്സിൽ ആത്മീയതയിലെത്തി. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയും മുത്തശ്ശിയുമാണിവർ. 17-ാം വയസ്സിൽ മോഹൻ സിങ്ങിനെ വിവാഹം ചെയ്ത ഇവർ വസ്ത്രങ്ങൾ തുന്നിയാണ് ഒറ്റയ്ക്കു കുടുംബത്തെ നോക്കിയ ഭർത്താവിനെ സഹായിച്ചത്.

മികച്ച ജോലിക്കായി ഭർത്താവ് ഖത്തറിലേക്കു പോയതിനു ശേഷമാണ് അവർ ആത്മീയതയിലേക്കു തിരിഞ്ഞത്. മഹന്ത് റാംഡീൻ ദാസ് ആണ് ആത്മീയതയിലേക്കു ഇവർക്കു വഴികാട്ടിയായത്. രാധേ മാ എന്ന പേര് ഇവർക്കു ചാർത്തിയതും റാംഡീൻ ദാസ് ആണ്. ഭക്തരെ ചുംബിക്കാനും ആലിംഗനം ചെയ്യാനും മുതിർന്നതിന്റെ പേരിൽ മുംബൈയിൽ അഭിഭാഷകയായ ഫാൽഗുനി ബ്രാംഭട്ട് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

ചെറുപ്പം മുതലേ ഭക്തിയുടെ വഴിയേ ആണിവരെന്ന ശിഷ്യരുടെ വാദഗതിയെ സ്വന്തം നാട്ടുകാർ തിരുത്തുന്നുണ്ട്. ഇരുപതുകളിലാണ് ഇവർ ആത്മീയതയിലെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അതുവരെ പത്താം ക്ലാസ് വരെ പഠിച്ച അവർ ആത്മീയമായ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ലെന്നു നാട്ടുകാർ ഓർക്കുന്നു.

തട്ടകം മുംബൈ; ശിഷ്യഗണങ്ങൾ കൂടുന്നു

എന്നാണ് രാധേ മാ മുംബൈയിലേക്കു മാറിയതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, താൻ ദുർഗയുടെ അവതാരമാണെന്ന തരത്തിൽ അവരുടെ പ്രചരണത്തിൽ എതിർത്തതോടെ 2003 – 04ലാണ് അവർ മാപ്പുപറഞ്ഞ് മുംബൈയിലേക്കു മാറിയതെന്നാണ് റിപ്പോർട്ടുകൾ. ആദ്യകാലത്തൊക്കെ ഇവർ ഇടയ്ക്കിടയ്ക്ക് ഗുർദാസ്പൂരിലെത്തുമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ മുംബൈയിൽ സെലിബ്രിറ്റികളടക്കമുള്ള ശിഷ്യഗണങ്ങളുടെ പിന്തുണ വർധിച്ചപ്പോൾ പഞ്ചാബിലേക്കു പോകുന്നത് കുറച്ചു. ഇതോടെ അവരുടെ ഭർത്താവും രണ്ട് ആൺമക്കളും മുംബൈയിലെത്തി. ഇവരിപ്പോൾ രാധേ മായുടെ ശിഷ്യരാണെന്നാണ് അനുയായികൾ പറയുന്നത്.

ഭക്തർക്കൊപ്പം നൃത്തം ചെയ്ത് അനുഗ്രഹം ചൊരിയും

സാധാരണ ആൾദൈവങ്ങളെപ്പോലെയല്ല രാധേ മാ അനുഗ്രഹം ചൊരിയുന്നത്. ഭക്തർക്കൊപ്പം നൃത്തം ചെയ്തും ഭക്തരുടെ കൈകളിലേന്തിയും മറ്റുമാണ് രാധേ മായുടെ അനുഗ്രഹം ചൊരിയൽ. ഇത്തരം വിഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്. ഭജനുകളുടെ അകമ്പടിയിലാണ് ഇവർ നൃത്തം ചവിട്ടുന്നതെന്നാണ് അനുയായികളുടെ ഭാഷ്യം. അവർ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഗുരുവും മാർഗദർശിയുമെന്നേ അവർ പറഞ്ഞിട്ടുള്ളൂയെന്നും അനുയായികൾ പറയുന്നു.

ഭക്തരുമായുള്ള ആത്മീയാനുഭവങ്ങൾ പങ്കുവയ്ക്കാൻ സ്വന്തമായി വെബ്സൈറ്റുള്ള ദേവി

ദുർഗ ദേവിയുടെ അവതാരമാണ് രാധേ മാ എന്നാണ് ഭക്തരുടെ വിശ്വാസം. ഡോളി ബിന്ദ്ര അടക്കമുള്ള റിയാലിറ്റി ഷോതാരങ്ങളും ഇവർക്ക് അമാനുഷിക ശക്തികളുള്ളതായി വിശ്വസിക്കുന്നു. ഭക്തർക്കു തന്റെ അനുഗ്രഹത്താൽ ലഭിച്ച സമൃദ്ധിയെപ്പറ്റി നന്ദിയറിയിക്കുന്നതിനായി പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന കമന്റുകൾ ഒരാൾ തന്നെ പോസ്റ്റ് ചെയ്തതാണെന്ന സംശയമുണ്ട്. ടെക്നോളജി നന്നായി ഉപയോഗിക്കുന്ന ഇവർക്ക് വേരിഫൈ ചെയ്ത ഫെയ്സ്ബുക്ക് പേജുമുണ്ടിവർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here