ന്യൂഡല്‍ഹി: ഡിജിപി ജേക്കബ് തോമസിനെതിരെ ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ. ഡിജിപി ചൂണ്ടിക്കാട്ടിയത് ഭരണസംവിധാനത്തിലെ തകരാറുകളാണെന്ന് സുപ്രീംകോടതി പറഞ്ഞു. കേസുകളില്‍ പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായപ്പോഴാണ് പ്രതികരിച്ചത്. ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാമോ എന്നും സുപ്രീംകോടതി ചോദിച്ചു.

വിജിലന്‍സ് കേസുകളില്‍ ജഡ്ജിമാരെ വിമര്‍ശിച്ചതിനായിരുന്നു നടപടി.

അതേസമയം കോടതിയലക്ഷ്യ കേസില്‍ ഡിജിപി ജേക്കബ് തോമസ് തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഡല്‍ഹിയിലാണെന്ന് അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷ നല്‍കിയത്.

നേരത്തെ, കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍, താന്‍ ഹൈക്കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകള്‍ വിജിലന്‍സ് കമ്മീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ആണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

2 COMMENTS

  1. അഴിമതിക്കെതിരേ
    ആര്‍ക്കും
    എവിടെയും
    ഏതുകാലത്തും
    ഒറ്റയ്ക്കേ
    പോരാടാനാകൂ.
    അതു
    ഡബില്‍ത്തൊലിക്കട്ടിയല്ല,
    ഡബിള്‍ച്ചങ്കുള്ളവര്‍ക്കേ
    കഴിയൂ.
    ജേക്കബ് തോമസ്
    അഴിമതിക്കാരുടെ
    പേടിസ്വപ്നം.
    അഭിവാദ്യങ്ങള്‍!

  2. ഈ ജേക്കബ് തോമസ്
    വല്ലാത്ത ഒരു
    ക്ളാസ്സിക് കഥാപാത്രം തന്നെ!
    വിജിലന്‍സ് DGP സ്ഥാനത്തിരുന്ന്
    ദൈനംദിനം
    കള്ളനും പോലീസും കളിച്ച്
    ഒടുവില്‍
    കള്ളന്‍റെ പിടിയിലായവന്‍!
    ഞെളിപിരികൊണ്ട്,
    തന്‍റെ
    IPS കൂപത്തില്‍ നിന്ന്
    പിഴച്ച ചാട്ടം ചാടി,
    ഭരണ കൂട ഹൈവേയില്‍ കയറിനിന്ന്,
    ഇടതും
    വലതും
    എതിര്‍ ദിശകളില്‍ നിന്ന്
    പാഞ്ഞു വരുന്ന
    അഴിമതിയുടെ
    നാഷണല്‍ പെര്‍മിറ്റ് ലോറികളെ,
    തവളയേപ്പോലെ
    വയറു വീര്‍പ്പിച്ചു
    തടയാന്‍ നോക്കിയ
    സാമൂഹ്യ പരിഷ്ക്കര്‍ത്താവ്.
    ഇനി
    പീലാത്തോസിന്‍റെ അരമനയില്‍
    “നീ കള്ളനാണോ
    പോലീസാണോ”
    എന്നു ചോദിക്കുമ്പോള്‍
    ഉത്തരം പറയാതെ
    കീഴോട്ടു നോക്കിയുള്ള ആ നില്പ് …
    ദുഃഖവെള്ളിയാഴ്ച
    ജറുസലേം പുത്രിമാര്‍
    വാവിട്ടുകരയുമ്പോള്‍
    ജേക്കബ്തോമസിനെ
    ചരിത്രത്തിലെ
    എല്ലാ
    നീതിമാന്‍മാരേയും പോലെ
    കുരിശില്‍ തറയ്ക്കാതിരിക്കുവാന്‍,
    അണ്ടികളഞ്ഞ അണ്ണാനേപ്പോലെ നില്‍ക്കുന്ന
    ജനാധിപത്യം,
    കാലന്‍കോഴി കൂവുന്നതിനു മുന്‍പായി,
    ഇനിയെങ്കിലും
    ഉണര്‍ന്നിരുന്നു
    പ്രാര്‍ത്ഥിക്കണം …

LEAVE A REPLY

Please enter your comment!
Please enter your name here