പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനി മരിക്കും മുന്‍പ് ഭര്‍ത്താവിനെഴുത്തിയ കത്ത് പുറത്ത് വന്നു . മരണം അടുത്തുണ്ടെന്ന ലിനിയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കത്തിലെ വരികള്‍ സൂചിപ്പിക്കുന്നു.  ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സില്‍ നിറഞ്ഞത് പ്രിയപ്പെട്ടവനെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു, പൊന്നോമനകളെ ആ കയ്യിലേല്‍പ്പിച്ച് യാത്ര പറയാനാവില്ലല്ലോ എന്നതായിരുന്നു. ആതുരസേവനത്തിനിടെ  ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് നാടൊന്നാകെ. ഇതാണ് കത്തിലെ വാക്കുകള്‍

സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry,
നമ്മുടെ മക്കളെ നന്നായി നോക്കണേ…..
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം….
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്… please….

രോഗം ബാധിച്ചത് മുതല്‍ ആശുപത്രിയിലെ നിരീക്ഷണവാര്‍ഡിലായിരുന്ന ലിനിയ്ക്ക് ബന്ധുകളടക്കം ആരേയും കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. വൈറസ് ബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ സന്ദര്‍ശകരെ വിലക്കിയത്. ബഹ്‌റനില്‍ അക്കൗണ്ടന്റായ സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞ് നാട്ടിലെത്തിയിരുന്നുവെങ്കിലും ലിനിയെ അടുത്ത് നിന്ന് കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ആശുപത്രിയിലെത്തിയ സജീഷിനെ വളരെ അകലെ നിന്നും ലിനിയെ കാണാന്‍ മാത്രമേ ഡോക്ടര്‍മാര്‍ സമ്മതിച്ചുള്ളൂ.

വെന്റിലേറ്ററില്‍ അതീവഗുരുതരാവസ്ഥയില്‍ തുടര്‍ന്ന ലിനി തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ മരണപ്പെട്ടു. തുടര്‍ന്ന് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലിനിയുടെ മൃതദേഹം വെസ്റ്റ്ഹില്‍ വൈദ്യുതി ശ്മാശനത്തിലെത്തിച്ച് ദഹിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here