![khadeejakkuti-215201320439_1590082569](https://i0.wp.com/keralatimes.com/wp-content/uploads/2020/05/khadeejakkuti-215201320439_1590082569.jpg?resize=696%2C392&ssl=1)
മുംബൈയിൽനിന്നെത്തിയ ചാവക്കാട് സ്വദേശിനിയാണ് മരിച്ചത്
ഇവർക്ക് പ്രമേഹവും ശ്വാസതടസ്സവും രക്തസമ്മർദവുമുണ്ടായിരുന്നു
ചാവക്കാട് (തൃശൂർ): മുംബൈയിൽ നിന്നെത്തിയ ശേഷം ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ച വയോധികക്ക് കോവിഡെന്ന് പരിശോധന ഫലം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിെൻറ ഭാര്യ ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇവരുടെ സ്രവപരിശോധന ഫലം ഇന്നാണ് ലഭിച്ചത്.
പ്രമേഹവും ശ്വാസതടസ്സവും രക്തസമ്മർദവുമുള്ള ഇവർ ഈ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്നെത്തിയ ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മരണകാരണം കോവിഡ് ആണെന്ന് വ്യാഴാഴ്ച രാത്രിയാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയെടുത്ത സാമ്പിൾ ഫലം വരാൻ വൈകിയതിനാൽ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച ഖബറടക്കവും വൈകിയിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്.
മുംബൈയിൽ മക്കൾക്കൊപ്പം താമസിച്ചിരുന്ന ഖദീജക്കുട്ടി ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. ഒറ്റപ്പാലം സ്വദേശികളായ അഞ്ചംഗ കുടുംബത്തോടൊപ്പമായിരുന്നു വന്നത്. പെരിന്തൽമണ്ണയിലെത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത്.
ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഐസൊലേഷനിൽ പ്രവേശിക്കാൻ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിയത്. അതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരിച്ചു. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്.