തൊടുപുഴ: കാലവ‍ർഷം തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ മഴയുടെ ലഭ്യതയിൽ കുറവ് മാത്രം. ഇക്കാലയളവിൽ 17 ശതമാനത്തിന്റെ കുറവാണുണ്ടായത്.. ഒന്നാം തീയതി മുതൽ ഇന്നലെ വരെ 527 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 437.58 മി.മി മാത്രമാണ് കിട്ടിയത്. വയനാട്,​ ഇടുക്കി ജില്ലകളിലാണ് തീരെ കുറവ് മഴ കിട്ടിയത്. പ്രതീക്ഷിച്ചതിനേക്കാൾ 51 ശതമാനം കുറവ് മഴയാണ് ഈ ജില്ലകളിൽ ലഭിച്ചത്. തിരുവനന്തപുരം,​ കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ മാത്രമാണ് മെച്ചപ്പെട്ട മഴ പെയ്തത്. കോഴിക്കോട് ശരാശരിയിലും 40 ശതമാനം കൂടുതൽ മഴ കിട്ടി. തിരുവനന്തപുരത്ത് 17.5 ശതമാനവും കണ്ണൂരിൽ 21.8 ശതമാനവും അധികം മഴ പെയ്തു.

ഡാമുകളിൽ ജലനിരപ്പ് താഴുന്നു

ഇടുക്കിയുൾപ്പെടെയുള്ള പ്രധാന അണക്കെട്ടുകളെല്ലാം മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലസമൃദ്ധമായിരുന്നു. അതിനാൽ ഈ കാലവർഷത്തിൽ മഴയുടെ അളവ് കൂടുമെന്ന് പ്രവചനം ഉണ്ടായിരുന്നതിനാൽ ഡാമുകൾ നേരത്തെ തുറക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ടായിരുന്നു. കാലവർഷം ആരംഭിച്ചതിന് ശേഷം ഡാമുകളിലെ ജലനിരപ്പ് താഴുകയാണുണ്ടായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ജൂൺ ഒന്നിന് 2338 അടിയായിരുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള അളവാണിത്. ഇന്നലെയത് 2329.5 അടിയായി കുറഞ്ഞു. അതായത് പരമാവധി സംഭരണശേഷിയുടെ 36 ശതമാനം ജലമുണ്ടായിരുന്നത് 30 ആയി കുറഞ്ഞു.131.25 മീറ്റർ ജലമുണ്ടായിരുന്ന ഇടമലയാർ ഡാമിലെ ജലനിരപ്പ് 128.98 മീറ്ററായി കുറഞ്ഞു. സംഭരണശേഷിയുടെ 13 ശതമാനം മാത്രമാണിത്. ഡാമിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. 113 മീറ്ററായിരുന്ന മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 112.3 മീറ്ററായി താഴ്ന്നു.

വരും ദിവസങ്ങളിൽ മഴ കനക്കും

ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്റഖ്യാപിച്ചിട്ടുണ്ട്. തൃശൂരും പാലക്കാടും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.നാളെ കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്റഖ്യാപിച്ചിട്ടുണ്ട്.

ജില്ല,​ കിട്ടിയമഴ,​ കിട്ടേണ്ടത്,​ ശതമാനം

തിരുവനന്തപുരം- 316.46,​ 269.3 mm,​ +17.51 %

കൊല്ലം- 256.1,​ 356,​ -28.06

പത്തനംതിട്ട- 352.2,​ 421.4,​ -16.46

ആലപ്പുഴ- 396.19,​ 464,​ -14.61

കോട്ടയം- 469.66,​ 509.1,​ -7.75

ഇടുക്കി- 297.46,​ 607.2,​ -51.01

എറണാകുളം- 344.1,​ 548.5,​ -37.27

തൃശൂർ- 384.19,​ 602.3,​ -36.21

പാലക്കാട്- 263.84,​ 366.5,​ -28.1

മലപ്പുറം- 419.38,​ 506.4,​ -17.18

കോഴിക്കോട്- 994.67,​ 710.4,​ +40.02

വയനാട്- 253.07,​ 518.2,​ -51.16

കണ്ണൂർ- 860.5,​ 706.2,​ +21.85

കാസർഗോഡ്- 782.55,​ 833.6,​ -6.12

LEAVE A REPLY

Please enter your comment!
Please enter your name here