തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പൊലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് വെളിവായിരിക്കുന്നത്. കേസിന് ആസ്‌പദമായ സംഭവം ഉണ്ടായിട്ട് ഒരാഴ്ചയായി. ഇതുവരെ പൊലീസ് എഫ്.ഐ.ആർ പോലും രജിസ്‌റ്റർ ചെയ്തില്ല. സംഭവത്തിൽ കേസെടുക്കാനുള‌ള ഉത്തരവാദിത്വം പൊലീസിനുണ്ട്. വലിയതുറ എസ്.എച്ച്.ഒയാണ് കേസെടുക്കേണ്ടത് . ഇതുവരെ കേസെടുക്കാത്തത് അദ്ദേഹത്തിന്റെ കൃത്യവിലോപമാണ്.’ ചെന്നിത്തല പറഞ്ഞു.സ്വർണക്കടത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി താൻ ഡിജിപിക്ക് കത്തയച്ചു. പക്ഷെ ഇതുവരെ നടപടി ഉണ്ടായില്ല. കേസിലെ പ്രതിയായ സ്വപ്നയ്‌ക്കെതിരെയോ ഇവരുമായി ബന്ധമുള‌ള ശിവശങ്കരനെതിരെയോ കേസെടുത്ത് അറസ്റ്ര് ചെയ്യാൻ പൊലീസ് മേധാവിയ്ക്കോ,മുഖ്യമന്ത്രിക്കോ കഴിഞ്ഞില്ല.

ഹൈക്കോടതിയിൽ സ്വപ്ന മുൻകൂർ ജാമ്യത്തിന് ഹർജി നൽകി. അതിന് വഴിയൊരുക്കിയത് സർക്കാർ തന്നെയാണ്. പ്രതികളെ സംരക്ഷിക്കാനും സർക്കാരിനെ രക്ഷിക്കാനും പൊലീസ് ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.ആരോഗ്യ പ്രോട്ടോകോൾ പാലിച്ചാണ് യു ഡി എഫ് സമരം നടത്തുന്നത്. ജനങ്ങൾക്കായുള‌ള പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകും.ചീഫ് സെക്രട്ടറിയുടെ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ഇത് അഴിമതിയാണ്. മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിമർശനങ്ങളോട് പ്രതിപക്ഷ നേതാവ് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. കേരള ജനതയെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവത്തിൽ പ്രതിപക്ഷം കൈകെട്ടി നിൽക്കണോ? മിണ്ടാതിരിക്കാൻ മുഖ്യമന്ത്രി വീട്ടിൽ പോയി പറയണമെന്നും ചെന്നിത്തല പറഞ്ഞു. കേസ് എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. സിബിഐയും കേസ് അന്വേഷിക്കണം.സിബിഐ എന്ന് കേട്ടാൽ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. ‘കൊവിഡ് കാരണം ജനങ്ങൾ പരിഭ്രാന്തിയിലാണ്. സർക്കാരിന് ജാഗ്രതയില്ല. അസുഖബാധിതർ പുറത്തിറങ്ങി നടക്കുയയാണ്. രോഗം ബാധിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ പോലും സർക്കാരിനാകുന്നില്ല. ഇതിന്റെ കാരണമെല്ലാം പ്രതിപക്ഷത്തിന്റെ തലയിലാക്കേണ്ട.കൊവിഡ് പറഞ്ഞ് പ്രതിപക്ഷത്തെ പേടിപ്പിക്കേണ്ട. പൊലീസ് പ്രതിപക്ഷ സമരത്തെ അടിച്ചമർത്തി.’ മുഖ്യമന്ത്രി പറഞ്ഞ ആരോപണങ്ങളുടെ ചീട്ട്കൊട്ടാരം തകർന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

തിരുവനന്തപുരത്തെ പൂന്തുറയിൽ ജനങ്ങൾക്ക് വെള‌ളമോ വേണ്ടത്ര ആഹാരമോ കിട്ടുന്നില്ല. അവിടെ കടകൾ തുറക്കുന്നില്ല. നഗരത്തിലും കടകളിൽ പോകുന്നവർ കഷ്ടപ്പെടുന്നു. പ്രളയമുണ്ടായപ്പോൾ അവർക്ക് നാം ബിഗ്സലൂട്ട് നൽകിയതാണ്. ജില്ലാ ഭരണകൂടം അവരെ തെരുവിലിറക്കരുതായിരുന്നു. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി രാജിവക്കും വരെ പ്രക്ഷോഭം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here