തിരുവനന്തപുരം: കോവിഡ് പ്രതിരോധനടപടികളിൽ ഇടങ്കോലിടരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തിനും നെഗറ്റീവായ സമീപനം എടുക്കുക മാത്രമല്ല, സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് പ്രാധാന്യത്തിൽ എടുക്കേണ്ടതില്ല എന്ന ബോധം കൂടിയാണ് അവർ പ്രചരിപ്പിച്ചത്. അതിന് ഉത്തരവാദപ്പെട്ട ചിലർ തന്നെ നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതുബോധം നമ്മുടെ പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അവർ തന്നെ സ്വയം ചിന്തിക്കട്ടെ. യോജിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കണം എന്ന ലക്ഷ്യം മാത്രമേ സർക്കാരിനുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഏറ്റവും മികച്ച നിലയിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ രോഗബാധ അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചിട്ടുണ്ട്. അതിൻറെ ഫലമായിട്ടു തന്നെയാണ് ആദ്യഘട്ടത്തിൽ ഇവിടെ വന്ന ആളുകളിൽനിന്ന് മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനും നമുക്കു കഴിഞ്ഞു. അതാണ് ഇനിയും തുടരേണ്ടത്. അതിന് ഇടങ്കോലിടാൻ ശ്രമിക്കരുത്. ഇക്കാര്യത്തിൽ അത്തരക്കാർക്ക് ഒരു പുനഃശ്ചിന്തനം ഉണ്ടാകുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുന്നു എന്നൊരു പ്രചരണം ഇപ്പോൾ ഇക്കൂട്ടർ നടത്തുന്നുണ്ട്. ഇതിനുമുമ്പ് പ്രവാസികളോടും അതാണ് ചെയ്തത് എന്നു പറയാൻ പോലും ചിലർ തയ്യാറായി. സംസ്ഥാനത്ത് ഈ ഘട്ടത്തിൽ രൂപപ്പെട്ട ക്ലസ്റ്ററുകൾ പ്രധാനമായും തീരദേശങ്ങളിലാണ്. അത് ആരുടെയെങ്കിലും കുറ്റം കൊണ്ടല്ല.

ആളുകൾ കൂടുതൽ അടുത്തിടപഴകുന്ന മേഖലയാണ് മത്സ്യബന്ധനത്തിൻറേതും വിതരണത്തിൻറെയും. കോവിഡ് ഭീഷണി ഉയർന്ന ഘട്ടത്തിൽത്തന്നെ നമ്മളെല്ലാം ആ അപകടം കണ്ടിരുന്നു. അതുകൊണ്ടാണ് തുടക്കത്തിൽ മത്സ്യലേലത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മത്സ്യബന്ധനം ലക്ഷകണക്കിന് ജനങ്ങളുടെ ജീവനോപാധിയാണ്. കടലിനോട് മല്ലടിച്ച് അന്നന്നത്തെ അന്നം കണ്ടെത്തുന്നവരാണ് മത്സ്യത്തൊഴിലാളികൾ.

ഒരുപക്ഷെ കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൻറെ ഏറ്റവും കടുത്ത തിക്തഫലം അനുഭവിക്കുന്ന സമൂഹവുമാണ് തീരദേശത്തേത്. അവിടെ രോഗവ്യാപനമുണ്ടാകുമ്പോൾ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തേണ്ടത് സർക്കാരിൻറെ അനിവാര്യമായ ചുമതലയാണ്. അത് നിർവഹിക്കുന്നതിൻറെ ഭാഗമായാണ് തീരദേശങ്ങളിൽ രൂപപ്പെട്ട ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കിയതും.

തിരുവനന്തപുരത്ത് പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി മേഖലകളിൽ വർധിച്ചതോതിൽ കോവിഡ് ബാധ ഉണ്ടായപ്പോൾ സർക്കാർ വലിയതോതിൽ ഇടപെട്ടു. അന്ന് പൂന്തുറ എന്ന സ്ഥലപ്പേര് പറഞ്ഞതിനെക്കുറിച്ചായിരുന്നു ആക്ഷേപം. അത് ഒരു പ്രദേശത്തെ അപമാനിക്കലാണ് എന്നു വരെ ചിലർ പ്രചരിപ്പിച്ചു. പക്ഷെ, ആ മേഖലയിലെ ജനങ്ങളെ അതൊന്നും ബാധിച്ചില്ല. അതുകൊണ്ടാണ് കുപ്രചാരണങ്ങളെ തള്ളി ആരോഗ്യപ്രവർത്തകരെ അവർ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത്.

പ്രവാസികളുടെ കാര്യത്തിലും ഇതേ സമീപനമായിരുന്നു. കോവിഡ് ബാധ രൂക്ഷമായ സ്ഥലങ്ങളിൽനിന്ന് വരുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണമെന്ന നിർബന്ധം സർക്കാർ കാണിച്ചു. പരിശോധന അടക്കമുള്ള മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചു. അന്ന് അതിനെ തകർക്കാൻ ശ്രമിച്ചത് സർക്കാർ പ്രവാസികളെ ദ്രോഹിക്കുന്നു എന്ന കുപ്രചാരണം നടത്തിയാണ്.

ഇങ്ങോട്ടുവരുന്ന പ്രവാസി സഹോദരങ്ങളെ ഇവിടെ വിലക്കിയിട്ടില്ല. ഒരാൾ പോലും സർക്കാർ അനുമതിയില്ലാത്തതുകൊണ്ട് വരാതിരുന്നിട്ടില്ല. വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിട്ടില്ല. എന്നിട്ടും സർക്കാർ പ്രവാസികൾക്ക് എതിരാണ് എന്ന പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടു. ഇപ്പോൾ ആരെങ്കിലും അത് പറയുന്നുണ്ടോ? വിമാനത്തിൽ വരുന്നവർക്ക് പരിശോധനയോ അതല്ലെങ്കിൽ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളോ വേണ്ട എന്ന് ഇക്കൂട്ടർ പറയുമോ?

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവു വരുത്തിയശേഷം പുറത്തുനിന്ന് ഇതുവരെ 6,20,462 ആളുകൾ എത്തിയിട്ടുണ്ട്. വിദേശത്തുനിന്നും വന്നത് 2,35,231 പേരാണ്. വന്നവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെയും രോഗസാധ്യതയുള്ളവരെയും നാം കൃത്യമായി ചികിത്സിച്ചിട്ടുണ്ട്. പുറത്തുനിന്നു വന്ന 3225 പേരാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവായത്. അതിൽ 1939 പേർ വിദേശത്തുനിന്നു വന്നവരാണ്.

56 രാജ്യങ്ങളിൽനിന്നായി 1351 വിമാനങ്ങളാണ് വന്നത്. സൗദി അറേബ്യയിൽനിന്ന് വിമാനങ്ങൾ കുറവാണ് എന്ന പരാതി വന്നിരുന്നു. അവിടെനിന്ന് 34,626 പേരാണ് ഇതുവരെ വന്നത്. രജിസ്റ്റർ ചെയ്ത ആളുകൾ ഇനിയും വരാനുണ്ട്. എന്നാൽ, ഇപ്പോൾ വരുന്ന വിമാനങ്ങളിൽ സീറ്റ് മിക്കതും ഒഴിവാണെന്നും കൂടുതൽ ആളുകൾ വരാൻ താൽപര്യപ്പെടുന്നില്ല എന്നുമാണ് റിയാദിലെ എംബസി അധികൃതർ അറിയിച്ചത്. ചാർട്ടേർഡ് ഫ്‌ളൈറ്റുകൾക്കു വേണ്ടിയുള്ള അപേക്ഷകളും കുറഞ്ഞിട്ടുണ്ട്. നിലവിൽ 46 വിമാനങ്ങൾ സൗദിയിൽനിന്ന് ചാർട്ടർ ചെയ്തിട്ടുണ്ട്.

നമ്മുടെ നാട്ടിൽ ഈ രോഗബാധ പിടിച്ചുനിർത്തണം എന്നതാണ് അന്നും ഇന്നും സർക്കാരിൻറെ നിർബന്ധം. അതിന് അനുഗുണമായ നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളു. പുറത്തുനിന്ന് വരുന്നവർ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിയിൽ വരണം എന്നതുകൊണ്ടാണ് പാസ് നിർബന്ധമാക്കിയത്. പാസില്ലാതെ ആളുകൾ വന്നാൽ അവർ എവിടെ എത്തി എന്നോ എവിടെനിന്നും വന്നുവെന്നോ ഉള്ള ധാരണ ഇല്ലാതെപോകും. അതിൻറെ ഫലം രോഗവ്യാപനം പിടിച്ചുനിർത്താനാവില്ല എന്നതുതന്നെയാണ്.

അത് തകർക്കാൻ സംസ്ഥാന അതിർത്തിയിൽ പോയി സമരം നടത്തിയത് ഓർമയില്ലേ? അന്ന് അവർ ചോദിച്ചത് കേരളത്തിലേക്ക് വരാൻ എന്തിനാണ് പാസ് എന്നാണ്? എന്തായിരുന്നു അതിൻറെ അർത്ഥം. ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടേ എന്നല്ലേ? അത്തരക്കാർ തന്നെയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് എതിരാണ് സർക്കാർ എന്ന ഹീനമായ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ അവരോട് ചോദിക്കാൻ ഒന്നേ ഉള്ളു. ഈ കോവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാട് ഉണ്ടായോ? രോഗവ്യാപനം തടഞ്ഞുനിർത്താൻ എന്തെങ്കിലും ഒരു സംഭാവന നിങ്ങൾ നൽകിയോ? മറിച്ച്, രോഗം പടർത്താൻ ബോധപൂർവം നിങ്ങൾ നടത്തിയ അനേകം ശ്രമങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവരുടെ വെല്ലുവിളി ആരോടായിരുന്നു ? ഹൈക്കോടതിയോടോ? അതോ ഇന്നാട്ടിലെ സാധാരണ ജനങ്ങളോടോ? നിങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ നിങ്ങൾക്കു മാത്രമല്ലല്ലോ അപകടം? അത് ഈ നാട്ടിലാകെ വരുമല്ലോ? നിങ്ങൾ നൽകുന്ന സന്ദേശമതല്ലേ. അത് മനസ്സിലാവാത്തതു കൊണ്ടാണോ ഈ നീചമായ രാഷ്ട്രീയകളിക്ക് തയ്യാറാകുന്നത്.- മുഖ്യമന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here