തി​രു​വ​ന​ന്ത​പു​രം: കൊട്ടിയത്ത് നിശ്ചയശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിെനത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും സംസ്ഥാന ക്രൈംബ്രാഞ്ചിലേക്ക് മാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പത്തനംതിട്ട എസ്.പി കെ.ജി സൈമണിനാണ് അന്വേഷണ ചുമതല.

ആദ്യം കൊട്ടിയം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ചാത്തന്നൂർ എ .സി .പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം ഏറ്റെടുത്തു. ഇവർ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡി.ജി.പി.യടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി.ക്ക് കൂടുതൽ ചുമതലകളുള്ളതിനാലാണ് കേസ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടിട്ടുള്ളത്.

ബുധനാഴ്ച രാവിലെ നിലവിൽ കേസ് അന്വേഷിക്കുന്ന ഏജൻസിയായ ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ അഭിലാഷ് യുവതി യുടെ വീട്ടിൽ എത്തി മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ അഭിലാഷിന് അന്വേഷണം കൈമാമാറി ഡി.ജി.പി.ഉത്തരവ് ഇറക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന്റെ സഹോദര ഭാര്യയായ സീരിയൽ നടി നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയിലെത്തിയെങ്കിലും, അന്വേഷണംസംബന്ധിച്ച കേസ് ഡയറി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടില്ല. അതിനാൽ കേസ് മാറ്റിവെക്കാനാണ് സാധ്യത.

അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നൽകിയ സാഹചര്യത്തിൽ സീരിയൽ നടി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ പൊലീസ് ഇന്ന് റിപ്പോർട്ട് നൽകാനിടയില്ല. കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നും സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയ നടപടിയെ ആക്ഷൻ കൗൺസിലും നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്.

സെപ്​റ്റംബർ മൂന്നിന് ഇരവിപുരം വാളത്തുംഗൽ നിന്നും കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം ചിറവിള പുത്തൻ വീട്ടിൽ വാടകക്ക് താമസിക്കുന്ന റഹിം- നദീറ ദമ്പതികളുടെ മകളായ റംസി (25)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എട്ട് വർഷത്തിലധികമായി റംസി, ഹാരിഷുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനിടെ ഇരു വീട്ടുകാരും ചേർന്ന് 2019 ജൂലൈയിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു.

വളയിടിൽ ചടങ്ങും നടത്തി. അതിനു ശേഷം പല തവണ യുവാവ് റംസിയുടെ വീട്ടുകാരിൽ നിന്നും പണവും സ്വർണവും കൈപ്പറ്റിയിരുന്നതായി യുവതിയുടെ രക്ഷിതാക്കൾ ​പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിവാഹം നിശ്ചയിച്ച് പ്രധാന ചടങ്ങായ വളയിടൽ കഴിഞ്ഞതോടെ പലപ്പോഴും യുവാവ് വീട്ടിലെത്തി യുവതിയെയും കൂട്ടി പുറത്തു പോകുന്നതും പതിവായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതിയെ യുവാവും വീട്ടുകാരും ചേർന്ന് എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രവും നടത്തിയതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

ലോക് ഡൗണും കോവിഡും കാരണം പറഞ്ഞ് യുവാവും വീട്ടുകാരും വിവാഹം നീട്ടികൊണ്ടു പോയി. പിന്നീട് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി യുവതിയെ അറിയിക്കുകയായിരുന്നു. വിവാഹാഭ്യർഥനയുമായി യുവതി അവസാനമായി യുവാവി​ന്‍റെ പള്ളിമുക്കിലുള്ള വീട്ടിലെത്തിയെങ്കിലും മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ്​ യുവതിയും യുവാവി​ന്‍റെ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ യുവതി തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പ്രാഥമിക മൊഴിയിൽ തന്നെ ബന്ധുക്കൾ യുവാവിനെതിരെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയെങ്കിലും നാലാം ദിവസം മാത്രമാണ് ​പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിക്കാനും വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായതെന്ന് ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളിൽ യുവതിയുടെ മാതാപിതാക്കളുടെ വിലാപവും പരാതിയും ഒക്കെ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്​ പൊലീസ് അന്വേഷണവും നടപടികളും ആരംഭിച്ചത്.

യുവതി ഗർഭിണിയായതോടെ മൂന്നാം മാസം വരനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രവും നടത്തിയതായി ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. ഇതിന് പ്രതിയുടെ ബന്ധുവായ ഒരു സീരിയൽ നടി ലക്ഷ്മി പ്രമോദ് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. നടി ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ കൊട്ടിയം സി.ഐ. ദിലീഷ്, എസ്.ഐമാരായ അമൽ, അൽത്താഫ്, അഷ്ടമൻ, രമാകാന്തൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here