ന്യൂഡൽഹി: പാർലമെന്‍റിന് മുന്നിലെ പ്രതിഷേധത്തിൽ ഇടത് എം.പിമാർക്കൊപ്പം അണിചേർന്ന് കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണി. കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധത്തിലാണ് ജോസ് ഇടത് എം.പിമാർക്കൊപ്പം ചേർന്നത്. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾക്ക് ബലമേകുന്നതാണ് ഇന്നത്തെ പ്രതിഷേധം.

സി.പി.എമ്മിന്‍റെ രാജ്യസഭാ എം.പിമാരായ എളമരം കരീം, കെ.കെ. രാഗേഷ്, സോമപ്രസാദ്, സി.പി.ഐയുടെ ബിനോയ് വിശ്വം, സി.പി.എമ്മിന്‍റെ ലോക്സഭ എം.പി എ.എം. ആരിഫ് എന്നിവർക്കൊപ്പമാണ് ജോസ് കെ. മാണി പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പ്രതിഷേധത്തിൽ അണിചേർന്നത്.

കേരള കോൺഗ്രസിലുണ്ടായ ശക്തമായ വിഭാഗീയതയുടെ ഭാഗമായി യു.ഡി.എഫ് നേതൃത്വവുമായി ജോസ് കെ. മാണി അകൽച്ചയിലാണ്. ജോസുമായി തമ്മിലടിച്ചു നിൽക്കുന്ന ജോസഫ് വിഭാഗം യു.ഡി.എഫിൽ തുടരുമെന്നായതോടെ ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച സ്ഥിരീകരണം ജോസ് കെ. മാണിയോ ഇടതുമുന്നണിയോ ഇതുവരെ നൽകിയിരുന്നില്ല.

ജോസിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.എം നേതൃത്വം മൃദുസമീപനം സ്വീകരിച്ചപ്പോഴും സി.പി.ഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പാർലമെന്‍റിൽ സി.പി.ഐ എം.പി ബിനോയ് വിശ്വത്തോടൊപ്പമാണ് ജോസ് പ്രതിഷേധത്തിന് അണിചേർന്നത്.

പാർലമെന്‍റിൽ ഇടത് എം.പിമാർക്കൊപ്പം ചേർന്ന് സമരം ചെയ്തതിലൂടെ മുന്നണി പ്രവേശനത്തെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ജോസ് നൽകിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here