സ്വന്തം ലേഖകൻ 

കൊച്ചി : ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശത്തോടെ ഇടതുമുന്നണിയിൽ ഉണ്ടായ അസ്വസ്ഥതകൾ മറനീക്കി പുറത്തേക്ക്. പാലായിൽ ജയിച്ചുകയറിയ എൻ സി പിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നൽകിയതെന്നും എൻ സി പിയെ ഇടതുമുന്നണി അവഗണിച്ചുവെന്നും പാലാ എം എൽ എ മാണി സി കാപ്പാൻ ആരോപണമുന്നയിച്ചു. 
 
കോട്ടയം ജില്ലയിലെ സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. കേരളത്തിൽ 400 ൽപരം സീറ്റുകളിൽ മൽസരിച്ചിരുന്ന എൻ സി പിക്ക് ഇത്തവണ 165 സീറ്റുകൾ മാത്രമാണ് നൽകിയത്. ജോസ് കെ മാണിയുടെ മിടുക്കല്ല കോട്ടയത്ത് ജയിച്ചാൽ അത് എൻ സി പിയുടെ കൂടി പ്രവർത്തന ഫലമായാണ് എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ  വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ പരാജയഭീതിയിലാണ് ജോസ് മാണി പക്ഷം. ജോസ് പക്ഷ കേരളാ കോൺഗ്രസിന്റെ ഇടത് പ്രവേശത്തിൽ ഏറ്റവും ആശങ്ക രേഖപ്പെടുത്തിയിരുന്ന പാർട്ടിയാണ് സി പി ഐ. എന്നാൽ സി പി ഐയെക്കാൾ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടത് എൻ സി പിയാണ്. 
 
പാലാ നിയോജക മണ്ഡലത്തിൽ നിർണായക വിജയം കൈവരിച്ച എൻ സി പിയെ തഴയുന്ന നിലപാടാണ് സി പി എം കൈക്കൊണ്ടതെന്നാണ് ആരോപണം. എൻ സി പി മുന്നണി വിടുമെന്നുവരെയുള്ള ആരോപണമുയർന്നു. എന്നാൽ അതെല്ലാം മാണി സി കാപ്പൻ എം എൽ എ നിഷേധിച്ചിരുന്നു. എൻ സി പിയെ അനുനയിപ്പിക്കാൻ സി പി എം നേതാക്കൾ ശ്രമിച്ചതിന്റെ ഫലമായാണ് തെരഞ്ഞെടുപ്പ് വേളയിൽ കാപ്പൻ ജോസുമായി സഹകരിച്ചത്. 
 
എന്നാൽ കോട്ടയത്ത് ജോസ് പക്ഷത്തിന് നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ മാണി സി കാപ്പാൻ പരസ്യമായി മുന്നണിയിൽ കലാപമുണ്ടാക്കാൻ തീരുമാനിച്ചിരിക്കയാണ്. കാപ്പൻ എൽ ഡി എഫ് വിട്ട് യു ഡി എഫിൽ എത്തിയാൽ പാലാ സീറ്റ് നൽകുമെന്നാണ് കോൺഗ്രസിന്റെയും കേരളാ കോൺഗ്രസ് ജോസഫിന്റെ വാഗ്ദാനം.

ജോസ് കെ മാണിക്ക് പാലാ സീറ്റ് കൊടുക്കാൻ സി പി എം നിർബന്ധിതരാവുന്നതോടെ എൻ സി പിക്ക് മുന്നണിയിൽ തുടരാനാവില്ലെന്ന് മാണി സി കാപ്പനും വ്യക്തമാണ്. എൻ സി പിയെ പോലുള്ള ചെറിയ പാർട്ടികളുടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് സി പി എം. കുട്ടനാട് , പാല സീറ്റുകൾ ലഭിക്കണമെന്ന ആവശ്യമാണ് ജോസ് കെ മാണി ഉന്നയിക്കുക. ഇത് രണ്ടും എൻ സി പിയുടേതാണ്.
 
 മൂന്ന് എം എൽ എ മാരാണ് എൻ സി പിക്കുണ്ടായിരുന്നത്. അതിൽ കുട്ടനാട് എം എൽ എയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെ ആ സീറ്റിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പിക്കാനാവില്ല. അതുതന്നെയാണ് പാലയിലും ഇടതുമുന്നണിയുടെ സംശയം. 
 
കെ എം മാണിയുടെ മരണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. രണ്ടില ചിഹ്നത്തിലായിരുന്നില്ല കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മൽസരം. മുന്നണി മാറ്റവും ചിഹ്നവും പാർട്ടി പേരും തിരികെ ലഭിച്ചതോടെ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ശക്തരായി. അതോടെ പാലായിൽ വിജയം ഉറപ്പാണ്. 
 
കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കുട്ടനാട്ടിലും ജോസ് പക്ഷത്തിന് ജയിക്കാനാവും എന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. എൻ സി പിയെ മാറ്റി നിർത്തി ഈ രണ്ട് സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസ് കെ മാണി സ്ഥാനാർത്ഥികളെ നിർത്താൻ ഇടത് മുമ്മണി തീരുമാനമെടുക്കും. ഇതൊക്കെയാണ് എൻ  സി പിയെ ഭയപ്പെടുത്തുന്നത്. 
 
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ജോസിന് കഴിഞ്ഞില്ലെങ്കിലും സി പി എമ്മിന് ജോസ് കെ മാണിയെ കൈവിടാനാവില്ല. കാരണം നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും വിജയിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്.

മുന്നണി മാറ്റത്തിനുള്ള ആദ്യ തയ്യാറെടുപ്പാണ് മാണി സി കാപ്പൻ നടത്തുന്നത്. തുടർ ദിവസങ്ങളിലും ജോസ് കെ മാണിയുമായി കൂടുതൽ ഏറ്റുമുട്ടലിന് കാപ്പൻ തയ്യാറായേക്കും. 16 ന് ശേഷം പാല വീണ്ടും ശ്രദ്ധാകേന്ദ്രമാവാനാണ് സാധ്യത.  

LEAVE A REPLY

Please enter your comment!
Please enter your name here