ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്കയുടെ ഡിസംബർ 09, 2020 ബുധനാഴ്ച 09 PM (EST) നടന്ന മുപ്പത്തിനാലാമത് സൂം മീറ്റിംഗ് റിപ്പോർട്ട്. റവ. ഡോ. തോമസ് കളം, സിഎംഐ (Rev. Dr. Thomas Kalam, CMI) ‘രക്ഷ: ദൈവകോപം ശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ? (Salvation: Through Atonement or Deification?) എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു.

കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം ചരിത്രാധിഷ്ഠിതവും ഔദ്യോഗിക സഭയുടെ സമകാലിക പഠനങ്ങൾക്ക് ചേർന്നു പോകുന്നതുമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ഫാദർ കളം പ്രഭാഷണം ആരംഭിച്ചത്. എല്ലാ നിമിഷവും സഭ നവീകരിക്കപ്പെടണം. അതല്ലായെങ്കിൽ സഭയ്ക്ക് എന്തോ സാരമായ പിശകുണ്ടെന്നാണ് ധരിക്കേണ്ടത്. എല്ലാ ജനതയുടെയും ആത്മീയ ജീവിതത്തെ സ്പർശിക്കുന്ന ഒരു വിഷയമാണ് ഇപ്പോൾ അവതരിപ്പിക്കാൻ പോകുന്നത്. അത് മറ്റൊന്നുമല്ല: “രക്ഷ ദൈവകോപം ശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ?” വേറൊരു വിധത്തിൽ പറഞ്ഞാൽ, പാപപരിഹാരം ചെയ്തുകൊണ്ടോ ദൈവത്തിൻറെ സ്വരൂപമായികൊണ്ടോ?

ക്രിസ്തീയ ജീവിതത്തിൻറെ കാതൽ യേശു നമ്മുടെ രക്ഷകൻ എന്നുള്ളതാണ്. യേശുവാണ് നമ്മെ പാപങ്ങളിൽനിന്നും മോചിപ്പിച്ച് സ്വർഗപ്രാപ്തരാക്കുന്നത്. അപ്പോൾ യേശു എപ്രകാരമാണ് നമ്മെ മോചിപ്പിച്ചത് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്. യേശു പീഡകൾ സഹിച്ച്‌ തൻറെ അവസാനത്തെ തുള്ളി രക്തംവരെ ചിന്തി കുരിശിൽ മരിച്ച്‌ നമ്മുടെ പാപങ്ങളിൽനിന്നും നമ്മെ മോചിപ്പിച്ചു എന്ന സഭാ സിദ്ധാന്തമാണ് അതിനുള്ള സഭയുടെ ഉത്തരം. യേശുവിൻറെ സഹനവും മരണവും മനുഷ്യരുടെ പാപവുമായി എന്തുബന്ധം എന്നതാണ് ആലോചനാവിഷയം ആകേണ്ടത്.

ആദിമാതാപിതാക്കളുടെ പാപത്തെയും പ്രതികാര ദാഹിയായ ദൈവത്തെയും മനുഷ്യരുടെ പാപപരിഹാരത്തിനായി പാടുപീഡകൾ സഹിപ്പിച്ച് കുരിശിൽ വധിക്കപ്പെടുന്ന ദൈവപുത്രനെയും ‘Life of Pi’.എന്ന സിനിമയിലെ പൈ പട്ടേലും വൈദികനും തമ്മിലുള്ള സംഭാഷണത്തെ ആധാരമാക്കി വിശകലനം ചെയ്തു. വൈദികൻ പറഞ്ഞവസാനിപ്പിക്കുന്നത് ക്രിസ്ത്യാനി ആകണമെങ്കിൽ സഭ പഠിപ്പിക്കുന്നത് മുഴുവൻ വിശ്വസിക്കണം. വിശ്വാസികൾ തങ്ങളുടെ വിശ്വാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നില്ല എന്നതാണ് സഭാസിദ്ധാന്ത വിഷയങ്ങളിലെ പ്രശ്‍നം. പാപപരിഹാരത്തിനായി സ്വന്തം മകനെ ക്രൂശിക്കാൻ അനുവദിക്കുന്ന രക്തദാഹിയായ ഒരു ദൈവമാണ് നമ്മുടെ ദൈവം എന്നത് ദുഖകരമായ ഒരു പ്രസ്താവനയാണ്. ‘Passion of Christ’ എന്ന സിനിമയും മറ്റും സഹനത്തിൻറെ ദൈവശാസ്ത്രത്തെയാണ് ബഹുമനസ്സുകളിൽ പ്രതിഷ്ഠിക്കുന്നത്. നിസ്സാരരായ മനുഷ്യരുടെ പാപത്തിന് പരിഹാരമായി ദൈവപുത്രനെ പാടുപീഡകൾ സാഹിപ്പിച്ച് കുരിശിൽ കൊല്ലുന്ന പിതാവ് ക്രൂരനായ ഒരു ദൈവമാണ്. ദൈവകോപം ശമിപ്പിക്കാനായി നരപൂജയോ? എന്നാൽ ക്രൂരനായ ഒരു ദൈവത്തെയല്ല യേശു അവതരിപ്പിച്ചത്.

എന്താണ് പാപം? നാമെല്ലാം കേട്ടിരിക്കുന്നത് ആദത്തിൻറെ ആദിപാപവും അക്കാരണത്താൽ നാമെല്ലാവരും പാപം ചെയ്യാൻ പ്രവണത ഉള്ളവരുമാണെന്നാണ്. ഇത് ഒരു കെട്ടുകഥയാണെന്ന് നാം മനസ്സിലാക്കണം. നാമെല്ലാവരും ക്രഡിൽ കാത്തോലിക്‌സ് (cradle Catholics) എന്നുവെച്ചാൽ പിള്ളത്തൊട്ടിൽ മുതല് കത്തോലിക്കാരായവർ ആണ്. അത്തരം കത്തോലിക്കർക്ക് ഒരു പ്രശ്നമുണ്ട്. ചെറുപ്പത്തിൽ കേട്ടുപഠിച്ച പല കെട്ടുകഥകളും അവർ പ്രായപൂർത്തിയിലെത്തുമ്പോഴും വിശ്വസിച്ച് നടക്കും. ഒരു പുരുഷൻറെ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. കുഞ്ഞായിരിക്കുമ്പോൾ സാന്താക്ളോസിൽ അവൻ വിശ്വസിക്കുന്നു. ചിമ്മിനിയിൽകൂടി ഇറങ്ങിവരുന്ന സാന്താക്ളോസിൽ അവന് യാതൊരു സംശയവുമില്ല. ഒരു യുവാവായി കഴിയുമ്പോൾ സാന്താക്ളോസ് ഒരു കെട്ടുകഥയാണെന്ന് അവൻ തിരിച്ചറിയുന്നു. അയാൾക്ക് കുട്ടികളായിക്കഴിയുമ്പോൾ അയാൾ തൻറെ കുട്ടികൾക്കുവേണ്ടി സാന്താക്ളോസ് ആകുന്നു. എന്നാൽ മതപരമായ കെട്ടുകഥകളിൽ നിന്നുള്ള അത്തരം ഒരു മോചനം നാം കാണുന്നില്ല. പറുദീസകഥയിലെ ദുരന്തവും അതുതന്നെയാണ്. പറുദീസ എന്ന സ്ഥലം ഉണ്ടായിരുന്നുയെന്നും ആദവും ഹൗവയും അവിടെ ജീവിച്ചിരുന്നുയെന്നും അവർ പാപം ചെയ്തുയെന്നും ദൈവം അവരെ പറുദീസയിൽനിന്നും പുറത്താക്കി എന്നുമുള്ള കെട്ടുകഥയിൽ വിശ്വസിക്കുന്ന ധാരാളം ആൾക്കാർ ഇന്നുമുണ്ട്. ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നാം ദൈവസാദൃശ്യത്തിൽ നിന്നും വിട്ടുമാറി ജീവിക്കുന്നതാണ് പാപം. മറിച്ച് വെള്ളിയാഴ്ച മാംസം ഭക്ഷിക്കുന്നതോ വിശുദ്ധ കുർബ്ബാന കൈക്കൊള്ളുന്നതിനുമുമ്പ് അറിയാതെ അല്പം വെള്ളം ഇറങ്ങിപ്പോയതോ അല്ല. പാപത്തെക്കുറിച്ചുള്ള ധാരണ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മനുഷ്യസൃഷ്ടിയുടെ ഉദ്ദേശംതന്നെ ദിവ്യജീവിതത്തിൽ പങ്കാളികളാവുക എന്നതാണ്. ഒരു മനുഷ്യവ്യക്തി ദിവ്യകൃപയാൽ ദൈവമഹത്വത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നതാണ് രക്ഷ; ദൈവത്തെ പ്രാപിക്കുന്നതാണ് രക്ഷ. മനുഷ്യൻ പൊടിയിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും അവൻ ദൈവത്തിൻറെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് ഒരു യാഥാർത്ഥ്യമാണ്. അപ്പോൾ ഇഹലോകത്തിലും പരലോകത്തിലുമുള്ള മനുഷ്യൻറെ ദൈവവുമായുള്ള ഐക്യമാണ് രക്ഷ. നാം എത്രയെല്ലാം പരിശ്രമിച്ചാലും ഇഹലോകത്തിൽ ദൈവസാദൃശ്യത്തിൽ എത്താൻ സാധിക്കുകയില്ല. അതിന് ശുദ്ധീകരണം ആവശ്യമാണ്. ശുദ്ധീകരണം മരണവുമായി യോജിച്ചിരിക്കുന്നു എന്നാണ് സമകാലിക ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ശുദ്ധീകരണസ്ഥലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശുദ്ധീകരണമാണ്. അതിന് സ്ഥലമോ സമയമോ ആവശ്യമില്ല. ശുദ്ധീകരണസ്ഥലം ഉപയോഗിച്ചുകൊണ്ട് മുൻകാലങ്ങളിൽ സഭ പണം സമ്പാദിച്ചിട്ടുണ്ട്.

പാപപരിഹാര ദൈവശാസ്ത്രം (Atonement) സഭയിൽ നുഴഞ്ഞു കയറിയത് ഏതാണ്ട് പതിനൊന്നാം നൂറ്റാണ്ടോടുകൂടിയാണ്. ആദ്യനൂറ്റാണ്ടുകളിൽ യേശുവിൻറെ ജീവിതരീതിക്കും യേശുപഠനങ്ങൾക്കുമായിരുന്നു പ്രാധാന്യം. യേശുവിൻറെ സുവിശേഷ പ്രഖ്യാപനമാണ് കുരിശുമരണത്തിന് കാരണമായത് എന്നാണ് ആദിമസഭ വിശ്വസിച്ചിരുന്നത്. യേശുവിൻറെ കുരിശുമരണത്തിനേക്കാൾ പ്രാധാന്യം അവിടത്തെ പുനരുദ്ധാരണത്തിനായിരുന്നു അവർ നൽകിയിരുന്നത്. കുരിശുയുദ്ധ (Crusades) കാലംവരെ (പതിനമ്മൂന്നാം നൂറ്റാണ്ട്) യേശുവിൻറെ കുരിശുമരണത്തിന് പ്രത്യേകാൽ പ്രാധാന്യമുണ്ടായിരുന്നില്ല. അതുപോലെ ആ കാലഘട്ടങ്ങളിൽ ദിവ്യബലി ഉത്ഥിതനായ യേശുവിനോടൊത്ത് കൂട്ടായി ആചരിച്ചിരുന്ന സ്നേഹവിരുന്നായിരുന്നു. കാൻറ്റർബറി (Canterbury) യിലെ വി. ആൻസലം (Anselm) (1033-1103) ആണ് പാപപരിഹാര ദൈവശാസ്ത്രത്തിന് പ്രാധാന്യം നൽകിയത്. മനുഷ്യൻ അനന്തമായി കുറ്റം ചെയ്തു. ദൈവത്തിൻറെ നഷ്ടപ്പെട്ട ബഹുമാനം വീണ്ടെടുക്കാൻ ദൈവത്തിന് അനന്തമായ സംതൃപ്തി ആവശ്യമാണെന്നാണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. ദൈവം സംതൃപ്തി നേടുന്നത് സ്വന്ത മകൻറെ കുരിശുമരണം വഴിയും! നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ആഗസ്തീനോസിൻറെ അഭിപ്രായം ഇതിൽനിന്നും വിഭിന്നമാണ്. പൗരസ്ത്യ പിതാക്കന്മാർ പാശ്ചാത്യ പാപപരിഹാര ദൈവശാസ്ത്രത്തെ അനുകൂലിക്കുന്നില്ലായെന്ന് ചരിത്രത്തിലുടനീളം കാണാൻ കഴിയും. അവർ ഊന്നിപ്പറഞ്ഞത് അവതാരത്തിലൂടെയുള്ള ദിവ്യപരിവർത്തനമാണ്. ദൈവവുമായി സാദൃശ്യത്തിലാകുക എന്നുതന്നെയാണ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഐറെനിയസ് (St. Irenaeus) പറഞ്ഞുവെച്ചത്. നമ്മെ ദൈവികരാക്കാനാണ് യേശു മനുഷ്യനായി അവതരിച്ചതെന്നാണ് വി. അത്തനേഷ്യസ് (St. Athanasius) അഭിപ്രായപ്പെട്ടിട്ടുള്ളത്. ദൈവം ക്രിസ്തുവിലൂടെ മനുഷ്യനായി അവതരിച്ചതുപോലെ നാമും ക്രിസ്തുവിനുവേണ്ടി ദിവ്യരാകണമെന്നാണ് കപ്പദോക്യൻ പിതാക്കന്മാർ (Cappadocian Fathers) പഠിപ്പിക്കുന്നത്.

പുതിയ നിയമത്തിലെ സിനോപ്റ്റിക് സുവിശേഷങ്ങളിൽ പലഭാഗങ്ങളിലും മനുഷ്യരുടെ പാപപരിഹാരത്തിനാണ് യേശു പീഡകൾ സഹിച്ച് കുരിശിൽ മരിച്ചത് എന്ന് കാണാൻ കഴിയും.  ഏകസുതനിൽ വിശ്വസിക്കുന്ന ഏതൊരാളും നിത്യജീവൻ പ്രാപിക്കുമെന്നും ആ സുതനെ ലോകത്തിലേയ്ക്ക് അയക്കാൻ മാത്രം ദൈവം ലോകത്തെ സ്നേഹിച്ചുയെന്നും ജോണിൻറെ സുവിശേഷത്തിൽ വായിക്കുന്നുണ്ട് (ജോൺ. 3: 16). ‘Catechism of the Catholic Church’ എന്ന വേദപഠന പുസ്തകത്തിൽ ഉടനീളം പാപപരിഹാര ദൈവശാസ്ത്രമെ (Atonement Theology) കാണാൻ കഴിയു. ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയ്ക്ക് സഭാപഠനങ്ങളെ സ്വീകരിക്കുമ്പോഴും തനതായ വിചിന്തനങ്ങളിൽ തെറ്റില്ല. ദൈവസ്വരൂപത്തെ പ്രതിബിംബിക്കാൻവേണ്ടിയാണ് യേശു അവതരിച്ചതും ജീവിച്ചതും പ്രഘോഷിച്ചതും മരിച്ചതും. ചുരുക്കത്തിൽ, നാം ദൈവികരാകാൻവേണ്ടി (Deification) യേശു നല്കിയ വിലയാണ് കുരിശുമരണം. ദൈവത്തിൻറെ സ്വരൂപം എങ്ങനെയെന്ന് ആർക്കും ഒന്നും അറിഞ്ഞുകൂടാ. നാം ഓരോരുത്തരുമാണ് ദൈവസങ്കല്പത്തെ രൂപകല്പന ചെയ്യുന്നത്. യേശുവിന് ദൈവത്തിൻറെ സ്വരൂപമെന്തെന്ന് അറിയാം. ആ ദൈവത്തെയാണ് യേശു വെളുപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ‘എന്നെ കാണുന്നവൻ ദൈവത്തെ കാണുന്നു’ എന്ന് യേശു പറഞ്ഞത്. മനുഷ്യകുലത്തെ നിരുപാധികം സ്നേഹിക്കുന്ന ഒരു ദൈവത്തെയാണ് യേശു അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വ്യവസ്ഥകൾ വച്ചുള്ള ദൈവത്തെ നമുക്ക് തള്ളിക്കളയാം. രക്തദാഹിയായ ദൈവത്തെ, നേർച്ചകാഴ്ചകളെല്ലാം ആഗ്രഹിക്കുന്ന ദൈവത്തെ നമുക്ക് തള്ളിക്കളയാം. നമ്മെ കൂടുതൽ ദൈവീകമാക്കുന്ന പ്രവർത്തികളായിരിക്കണം നമ്മുടെ പ്രായാശ്ചിത്തം. അതുകൊണ്ട് യേശുവിനോടൊത്ത് സഹിക്കുന്നത് മികവുള്ളത് എന്ന പഠിപ്പിക്കലിനെ നമുക്ക് തള്ളിക്കളയാം. ദുരുപയോഗം ചെയ്യുന്നവരെ സഹിച്ച് ജീവിക്കണ്ടേ കാര്യമില്ല. ക്രിസ്ത്യാനി എന്ന നിലയ്ക്ക് അതിനെതിരെ പോരാടുകയാണ് വേണ്ടത്. യേശുവിൻറെ സഹനത്തെപ്പറ്റി ധ്യാനിക്കുന്നതിനു പകരം പാടുപീഡകൾ സഹിച്ച യേശുവിനെപ്പറ്റിയാണ് ധ്യാനിക്കേണ്ടത്. യേശു അവതരിപ്പിച്ച സുവിശേഷ സത്യങ്ങളെപ്പറ്റിയാണ് ധ്യാനിക്കേണ്ടത്. നമ്മെ സൃഷ്ടിച്ച ദൈവത്തെപ്പോലെയാകുന്നതിലാണ് രക്ഷ അടങ്ങിയിരിക്കുന്നത്. അതിന് നാം നൽകുന്ന വില വേദനയോ ആനന്ദമോ ആയിരിക്കാം. കഷ്ടപ്പാടും ദുരിദവും എന്നും ഉള്ളതാണ്. അത് തിന്മയാണ്. അതിനെ ദൂരീകരിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. അത് ദൈവീകമാണ്. അതാണ് നമ്മുടെ രക്ഷ.

വിഷയാവതരണത്തിനുശേഷം സജീവവും സുദീർഘവുമായ ചോദ്യോത്തരങ്ങളും ചർച്ചയും നടക്കുകയുണ്ടായി. ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവുമായ വിശദീകരണങ്ങളും ഉത്തരങ്ങളും നൽകുകയുണ്ടായി. പരമ്പരാഗത ചിന്തയിൽനിന്നും മാറിചിന്തിക്കാനുള്ള ധാരാളം വിഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചില ശ്രോതാക്കൾക്ക് അതുമുഴുവൻ ഉൾക്കൊള്ളാനും ഗ്രഹിക്കാനും കഴിയാതെ പോയിട്ടുണ്ടെന്ന് ചർച്ചയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ ഡോ. തോമസ് കാളത്തിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് വിഷയാവതാരകനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ജനുവരി 13, 2021 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് പ്രഫ. സെബാസ്റ്റിയൻ വട്ടമറ്റം (Prof. Sebastian Vattamattam) ആയിരിക്കും. വിഷയം: ‘വൈദികകുറ്റവാളികളെ സംരക്ഷിക്കുന്ന കാനോൻ നിയമം’

 

LEAVE A REPLY

Please enter your comment!
Please enter your name here