സ്വന്തം ലേഖകൻ

കൊച്ചി : കളമശ്ശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ  വിമത നീക്കം.  മങ്കട എം എൽ എയായിരുന്ന അഹമ്മദ് കബീറിന്റെ നേതൃത്വത്തിലാണ് വിമത  നീക്കം. മങ്കടയിൽ നിന്നും ഒഴിവാക്കപ്പെട്ട അഹമ്മദ് കബീർ കളമശേരിയിൽ മത്സരിപ്പിക്കണമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം
പരിഗണിക്കാതെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ജില്ലാ ഭാരവാഹികൾ തിങ്കളാഴ്ച കളമശ്ശേരിയിൽ യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ടിരിക്കയാണ്.
അഴിമതി ആരോപണങ്ങളിൽ പെട്ട ഇബ്രാഹിംകുഞ്ഞിനെയോ അദ്ദേഹത്തിന്റെ മകനെയോ സ്ഥാനാർത്ഥിയാക്കരുതെന്നായിരുന്നു
ലീഗ് ജില്ലാ നേതാക്കളുടെ ആവശ്യം. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഇബ്രാഹിംകുഞ്ഞ് മകന്
കളമശ്ശേരിയിൽ സീറ്റുറപ്പിച്ചു.

മങ്കട എം എൽ എയും ലീഗ് സംസ്ഥാന നേതാവുമായിരുന്ന അഹമ്മദ് കബീറിനെ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ്
ജില്ലാ കമ്മിറ്റിയുടെ തീരുമാനം. എറണാകുളം ജില്ലാ കമ്മിറ്റി ഒന്നടങ്കം സ്ഥാനാർത്ഥിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും,
സംസ്ഥാന നേതൃത്വം പുനപരിശോധനയ്ക്ക് തയ്യാറായിട്ടില്ല. സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ചതോടെ
കളമശ്ശേരിയിൽ കോണിയുടെ ഉയരം തികയാതെ വരുന്ന സാഹചര്യമാണ്. കളമശ്ശേരിയിൽ സി പി എം നേതാവ് പി രാജീവാണ് എൽ ഡി
എഫ് സ്ഥാനാർത്ഥി. രാജീവിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയും സി പി എമ്മിൽ പ്രതിഷേധമുയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here