കണ്ണൂർ : കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശിൽപ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകൾ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ‘വിഗ്രഹ’ സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും കരകൗശല വികസന കോർപ്പറേഷന്റെയും സഹായത്തോടെയാണ് കുഞ്ഞിമംഗലത്തിന്റെ വെങ്കല ശിൽപകലാപാരമ്പര്യം നിലനിർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ കൂട്ടായ്മയിൽ പിറക്കുന്ന ശിൽപങ്ങൾക്ക് ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാർ ഏറെയാണ്. പഞ്ചലോഹം, പിച്ചള, വെങ്കലം, വെള്ളി, സ്വർണം തുടങ്ങിയ ലോഹങ്ങളിൽ കുഞ്ഞിമംഗലത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ ഒട്ടനവധി രൂപങ്ങൾ ഇവിടെ വാർത്തെടുക്കുന്നു.

കുഞ്ഞിമംഗലം വിളക്കുകൾക്കാണ് ഏറെ പ്രചാരം. മുഖങ്ങൾ, തെയ്യച്ചമയങ്ങൾ, പൂജാകർമ്മങ്ങൾക്കുള്ള സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അഷ്ടദിക്പാലകർ, ദേവവാഹനങ്ങൾ, വിഗ്രഹങ്ങൾ, കൊടിമരം, വീട്ടുപകരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ലോഹശിൽപ്പങ്ങളാണ് ഇവിടെ മെനയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ലോഹങ്ങളുടെ വിലക്കൂടുതൽ, അലൂമിനിയം, സ്റ്റീൽ പാത്രങ്ങളുടെ കടന്നുവരവ് തുടങ്ങിയ പ്രതിസന്ധികൾ വെല്ലുവിളികളാകുമ്പോഴും ശിൽപകലാ വൈഭവം തലമുറകളുടെ കണ്ണിയറ്റു പോകാതെ കാക്കുകയാണ് ഇവർ.
 


കൂടുതൽ പേരും അവരവരുടെ വീടുകളിൽ നിന്നാണ് തൊഴിലെടുക്കുന്നതെങ്കിലും ഒരു പൊതു സംവിധാനം ആവശ്യമായിരുന്നു ഇവർക്ക്. ഇതിനായി വെങ്കല പൈതൃക ട്രസ്റ്റും ബെൽ മെറ്റൽ ക്ലസ്റ്ററും രൂപീകരിച്ചു. 2018 ലാണ് മൂശാരിക്കൊവ്വലിലെ താൽക്കാലിക കെട്ടിടത്തിൽ ബെൽ മെറ്റൽ ക്ലസ്റ്ററും പൊതുസേവന കേന്ദ്രവും തുടങ്ങിയത്. കേന്ദ്ര സംസ്ഥാന കരകൗശല കോർപ്പറേഷനുകളുടെ സഹായത്തോടെ ഐഡിപിഎച്ച് (ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ആന്റ് പ്രൊമോഷൻ ഓഫ് ഹാന്റി ക്രാഫ്റ്റ്) സ്‌കീമിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികളിലായി 22 ലക്ഷത്തോളം രൂപ അനുവദിച്ചു. ശിൽപ നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങളും കലാകാരന്മാർക്കുള്ള ടൂൾകിറ്റുകളും രണ്ട് മാസത്തെ പരിശീലനവും സൗജന്യമായി നൽകി. കേരള കരകൗശല വികസന കോർപ്പറേഷനാണ് നിർവഹണ ഏജൻസി.
2019ലാണ് പൊതുസേവന കേന്ദ്രത്തിൽ വിഗ്രഹ സ്വയംസഹായ സംഘം തുടങ്ങിയത്. വി വി രാജൻ, വി വി ശശി, പി ചന്തു, കെ വി ബാലകൃഷ്ണൻ, പി വത്സൻ, പി സുരേശൻ, പി ബാബു, ടി പത്മനാഭൻ, പി രവി, പി കിരൺ എന്നീ ശിലിപികളാണ് വിഗ്രഹയുടെ അടിത്തറ .
കുഞ്ഞിമംഗലത്ത് കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ദേശീയ, സംസ്ഥാന ക്യാമ്പുകൾ, ക്ഷേത്ര കലാ അക്കാദമി സംഘടിപ്പിച്ച ശിൽപി ശിൽപകലാ ക്യാമ്പുകൾ തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഫൈനാർട്‌സ് കോളേജ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും സ്‌കൂൾ കോളേജ് വിദ്യാർഥികളും ഇവിടെയെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ ശിൽപകലയെ നേരിട്ടറിയാൻ വരുന്നുണ്ട്.
ലോകത്തിന്റെ ഏത് കോണിലെത്തിയാലും തിരിച്ചറിയാവുന്ന കുഞ്ഞിമംഗലം ശൈലി വരും തലമുറക്ക് കാണിച്ചു കൊടുക്കാനായി ഒരു പൈതൃക മ്യൂസിയം ഉണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. ഒപ്പം ശിൽപികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന അവസ്ഥയുണ്ടാകണമെന്നും ഇവർ പറയുന്നു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here