ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരത്തിന്റെ 23ാം ദിവസമായ ഇന്നു കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മുരളീധരന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. കനത്ത സുരക്ഷയില്‍ ലോ അക്കാദമിയില്‍ ഇന്നു ക്ലാസുകള്‍ ഇന്നു ആരംഭിക്കാനിരിക്കേയാണ് മുരളീധരന്‍ നിരാഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്.

സമരരംഗത്തുള്ള ബിജെപിയില്‍ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളിധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നു ജനറല്‍ സെക്രട്ടറി വി വി രാജേഷ് ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എബിവിപി, എഐഎസ്എഫ്, കെഎസ്‌യു, എംഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകള്‍ വ്യക്തമാക്കുന്നത്.

സമരം ചെയ്യുന്നവിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി നായരുടെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് കെ മുരളീധരന്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. രാവിലെ 10 മണിക്ക് നിരാഹാര സമരത്തിനായി കെ മുരളീധരന്‍ സമരപ്പന്തലിലെത്തും.

ഇതിനിടെ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐ ഇന്നു ക്ലാസിലെത്തും. കനത്തസുരക്ഷയിലാണ് ഇന്നു ക്ലാസുകള്‍ ആരംഭിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലാസുകള്‍ ആരംഭിക്കുവാനായിരുന്നു തീരുമാനമെങ്കിലും ബിജെപി ജില്ലാ ഹര്‍ത്താലിനെ തുടര്‍ന്നു അത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ലോ അക്കാദമി വിഷയത്തില്‍ ഇന്നു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ എബിവിപി തീരുമാനിച്ചിട്ടുണ്ട്. നാളെ കെഎസ്‌യുവും പഠിപ്പുമടക്കിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. സ്ഥലം എംഎല്‍എയായ കെ. മുരളീധരന്‍ നിരാഹാരസമരം ആരംഭിക്കുന്നതോടെ കൂടുതല്‍ സമവായ ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണു എസ്എഫ്‌ഐ ഇതര സംഘടനകള്‍ക്ക്. സ്ഥലത്തുകനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here