ഒ പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികല നടരാജന്‍. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും പനീര്‍സെല്‍വത്തെ ശശികല നീക്കി. ദിന്‍ഡിഗല്‍ ശ്രീനിവാസനെ പുതിയ ട്രഷററായി നിയമിക്കുകയും ചെയ്തു.

അതേസമയം, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും ശശികല പ്രതികരിച്ചു. പാര്‍ട്ടിയും ജനങ്ങളും തനിക്കൊപ്പമാണ്. താന്‍ പനീര്‍സെല്‍വത്തെ നിര്‍ബന്ധിപ്പിച്ച് രാജി വയ്പ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. പേയസ് ഗാര്‍ഡനിലെ അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

പ്രതിസന്ധി രൂക്ഷമായതോടെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ സുപ്രധാന യോഗം ഇന്ന് രാവിലെ 9.30ന് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
പനീര്‍സെല്‍വത്തിന്റെ വീടിനുമുന്നില്‍ പിന്തുണയുമായി പതിനായിരങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇവര്‍ പനീര്‍സെല്‍വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ശശികലയ്‌ക്കെതിരേയും മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉടലെടുത്ത അട്ടിമറിക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പനീര്‍സെല്‍വത്തെ പിന്തുണച്ച് ഡി.എം.കെ നേതാവ് സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here