ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷനാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. മരാമണ്ണില്‍ പമ്പയാറില്‍ തെളിയുന്ന മണല്‍പ്പരപ്പില്‍ മാര്‍ത്തോമ്മാ സഭയിലെ സുവിശേഷ പ്രസംഗ സംഘം എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 122 -ാം കണ്‍വെന്‍ഷന്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആത്മീയ ആഘോഷം.

കുറെയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാത്രികാലത്ത് പന്തലില്‍ ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കാരണം സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ആറരയോടെ സ്ത്രീകള്‍ മണല്‍പ്പുറത്തുനിന്നും മടങ്ങണമെന്ന ക്രമീകരണം ഉണ്ടാക്കി. കാലമിത്ര കഴിഞ്ഞിട്ടും (സ്ത്രീ സുരക്ഷയ്ക്കായി സഭ കൂടുതല്‍ ഒന്നും ചെയ്യാഞ്ഞത് കൊണ്ടാവാം) ആറരയ്ക്കു ശേഷമുള്ള വിലക്ക് ഇപ്പോഴും തുടരുന്നു.

ഓരോ കൊല്ലവും മണല്‍പ്പുറത്ത് പ്രവേശിക്കാനാവാത്തതു കൊണ്ട് ഇരു തീരങ്ങളിലും ഇരുന്ന് പ്രസംഗം കേള്‍ക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു.വാഹന സൗകര്യം കൂടിയതുകൊണ്ടു തന്നെ ദൂരെ നിന്ന് കാറിലും ടൂറിസ്റ്റ് ബസിലും മറ്റുമെത്തി ഒരു ദിവസത്തെ മുഴുവന്‍ യോഗത്തിലും പങ്കെടുത്ത് മടങ്ങുന്ന കുടുംബങ്ങളും നിരവധി. അവരില്‍ പലരുടെയും പുരുഷന്മാര്‍ പന്തലിലും സ്ത്രീകള്‍ കരയിലും ആണ്. ചിലര്‍ കരയില്‍ സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്നു. ചിലര്‍ യോഗം തന്നെ ഉപേക്ഷിച്ചു മടങ്ങുന്നു.

പന്തലില്‍ ഉള്ളതിന്റെ ഇരട്ടിയിലധികം പൊതുജനം ഈ ഒരാഴ്ച്ച രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രദേശത്ത് വിഹരിക്കുന്നു. പ്രധാനമായും ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന വാണിജ്യ കേന്ദ്രങ്ങളില്‍. സുരക്ഷ മുന്‍നിര്‍ത്തി തുടങ്ങിയ താത്കാലിക ക്രമീകരണങ്ങള്‍ അന്തഃസത്തയോര്‍ക്കാതെ വിലക്കിന്റെ രൂപത്തില്‍ അനാചാരമായി തുടരുന്നു.സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാര്‍ക്കും ഒരേ സാദ്ധ്യതകള്‍ ലഭ്യമാകുന്ന സമൂഹത്തില്‍ പ്രായോഗികതയെന്ന യുക്തിരഹിതമായ വാദം ഇപ്പോള്‍ അപ്രസക്തമാകുകയാണ്.

മേല്‍പറഞ്ഞ അവസ്ഥകളില്‍ ഉള്ളതിലും എന്തു സുരക്ഷാ ഭീഷണിയാണ് പന്തലിനുള്ളില്‍ ഇരുന്ന് ഒരു യോഗം കേട്ടതു കൊണ്ട് ഉണ്ടാവുക? അപ്പോള്‍ പിന്നെ മാറ്റങ്ങളോടുള്ള അന്ധമായ വിമുഖതയും സ്ത്രീ ചൊല്‍പ്പടിക്കു നില്‍ക്കേണ്ടവളാണെന്ന പൊതു ധാരണയും മാത്രമാണ് ഈ കീഴ്‌വഴക്കത്തിനു പിന്നില്‍. ഈ സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റി അംഗമായ ഷിജു അലക്‌സ്, മാനേജിങ് കമ്മറ്റിയില്‍ ഈ വിഷയത്തില്‍ പ്രമേയത്തിന് അവതരണാനുമതി തേടുന്നത്. പ്രമേയ അവതരണത്തിനു മുന്നോടിയായി ഷിജു അലക്‌സ് പ്രശസ്തിയ്ക്കു യാതൊരു ആഗ്രഹവും ഇല്ലെന്നും സഭ അനുകൂല നിലപാട് എടുക്കുകയാണെങ്കില്‍ പ്രമേയം പിന്‍വലിക്കാമെന്നും സഭയുടെ കാലികമായ നിലപാടാണ് ആഗ്രഹിക്കുന്നതെന്നും കാണിച്ച് മെത്രാപ്പോലീത്തയ്ക്കു വ്യക്തിപരമായ കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here