കൊച്ചി: നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ തിരക്കഥയില്‍ പിന്നെയും ട്വിസ്റ്റ്. മുഖ്യപ്രതി പള്‍സര്‍ കോടതിയില്‍ കീഴടങ്ങിയത് ജീവനുംകൊണ്ട്! കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സുനിയെ അപായപ്പെടുത്താന്‍ ‘ചിലര്‍’ കോയമ്പത്തൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പൊലീസ് സംഘത്തിന് സൂചന ലഭിച്ചു. ഈ ഗുണ്ടാസംഘവുമായി സുനിയുടെ സുഹൃത്ത് വിജീഷിനു ബന്ധമുണ്ട്. ഈ ബന്ധത്തിലൂടെയാണ് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സുനി അറിഞ്ഞത്. ഇതോടെയാണ് എത്രയും വേഗം കോടതിയില്‍ കീഴടങ്ങാന്‍ സുനില്‍ തീരുമാനിച്ചത്. റിമാന്‍ഡിലായി ഒരു മാസത്തിന് ശേഷം ജയിലില്‍ വെച്ച് സുനി തന്നെയാണ് ഇക്കാര്യങ്ങള്‍ കൂട്ടുപ്രതികളോട് വെളിപ്പെടുത്തിയത്.

പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുനിയെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിലവില്‍ സുനില്‍ ഇല്ലാതായാല്‍ കേസിലെ എല്ലാ തെളിവുകളും നശിക്കുമെങ്കില്‍ ഇക്കാര്യത്തില്‍ ഗുണമുണ്ടാകുക ദിലീപിന് തന്നെയാകും. ഈ ഒരു സംശയമാണ് ക്വട്ടേഷന് പിന്നിലും ദിലീപ് ആണോ എന്ന് പൊലീസ് അന്വേഷിക്കുന്നത്.
അതേസമയം കേസിലെ നിര്‍ണായക തെളിവായ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ വിഐപി ഏറ്റുവാങ്ങിയെന്നു പറഞ്ഞ അഭിഭാഷകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നു. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോയാണു പൊലീസിനെ കുഴക്കുന്നത്. മൊബൈല്‍ ഫോണ്‍ ജൂനിയര്‍ അഭിഭാഷകനെ ഏല്‍പിച്ചതായി ആദ്യം മൊഴി നല്‍കിയ പ്രതീഷ് പിന്നീടു മൊബൈല്‍ നശിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു.

കീഴടങ്ങാനെത്തി പൊലീസിന്റെ പിടിയിലായ ശേഷവും സുനിലുമായി പ്രതീഷ് സംസാരിച്ചിരുന്നു. പ്രതിയുടെ ബാഗും വസ്ത്രങ്ങളും വക്കീല്‍ ഓഫിസ് പരിശോധിച്ചു പൊലീസ് പിടിച്ചെടുത്തിരുന്നു. നിയമ സഹായത്തിനപ്പുറം പ്രതിയുടെ കുറ്റകൃത്യം മറയ്ക്കാനുള്ള സഹകരണം അഭിഭാഷകന്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി. ഇക്കാര്യങ്ങള്‍ പൊലീസ് കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

അഭിഭാഷക വേഷത്തില്‍ പ്രതികളെ കോടതിയിലേക്ക് ഒളിപ്പിച്ചു കൊണ്ടുവന്നുവെന്ന ആരോപണവും പ്രതീഷിനെതിരെ ഉയര്‍ന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നു പ്രതീഷും ജൂനിയര്‍ അഭിഭാഷകരും പൊലീസിനെ തടഞ്ഞതായും പരാതിയുണ്ടായി. ഇതോടെയാണു നടിയെ ഉപദ്രവിച്ച കേസിലെ പ്രതികളുടെ വക്കാലത്ത് പ്രതീഷ് ഒഴിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറുമെന്ന ഉറപ്പിലാണു ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. എന്നാല്‍, കേസിലെ പ്രധാന കണ്ണിയെ സംരക്ഷിക്കുന്ന നിലപാടില്‍ അഭിഭാഷകന്‍ ഉറച്ചു നിന്നാല്‍ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തുമെന്ന നിലപാടിലാണു പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here