സ്വന്തം ലേഖകൻ

കൊച്ചി: പാർലമെന്റിൽ തോറ്റവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നൽകേണ്ടെന്ന തീരുമാനം എല്ലാവർക്കും ബാധകമല്ലെന്ന് സി പി എം. പി രാജീവ്,  എം ബി രാജേഷ്,  വി സമ്പത്ത് എന്നിവർക്കാണ് ഇളവ് നൽകുക. കളമശ്ശേരിയിൽ പി രാജീവിനെയും, തൃത്താലയിൽ എം ബി രാജേഷിനെയും മൽസരിപ്പിക്കും. കോൺഗ്രസിലെ വി ടി ബലറാമിനെ പൂട്ടാൻ ശക്തനായ പോരാളി വേണമെന്ന സി പി എം ജില്ലാ കമ്മിറ്റിയുടെ നിലപാടാണ് എം ബി രാജേഷിനെ തൃത്താലയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

ആറ്റിങ്ങലിൽ തോറ്റെങ്കിലും എ സമ്പത്തിനും സീറ്റുണ്ടാവും.ഏറ്റുമാനൂരിൽ വി എൻ വാസവൻ മത്സരിക്കും. എന്നാൽ പി ജയരാജനെ പയ്യന്നൂരിൽ നിന്നും മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനകമ്മിറ്റി പരിഗണിച്ചില്ല.
 
അഴീക്കോട് മണ്ഡലത്തിൽ വീണ്ടും സി പി എം സ്ഥാനർത്ഥി പട്ടികയിൽ നികേഷ് കുമാർ സ്ഥാനം പിടിക്കുമെന്ന് പ്രചാരണം ഉണ്ടായെങ്കിലും നികേഷിന് സീറ്റില്ല. അഴീക്കോട് യു ഡി എഫ് സ്ഥാനാർത്ഥിയായി കെ എൻ ഷാജി വീണ്ടും മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സി പി എം നികേഷിനെ വെട്ടിയത്. അഴീക്കോട് ഷാജിയെ പൂട്ടാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കാനാണ് സി പി എം നീക്കം. വിജിലൻസ് കേസും, ചോദ്യം ചെയ്യലും മറ്റും ഷാജിക്ക് തിരിച്ചടിയാവുമെന്നായിരുന്നു എൽ ഡി എഫിന്റെ പ്രതീക്ഷ. ഷാജി അഴീക്കോട് വിട്ടേക്കുമെന്ന പ്രചരണവും ശക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ്  നികേഷ് കുമാർ വീണ്ടും അഴീക്കോടുനിന്നും ജനവിധിതേടാനുള്ള നീക്കം. എന്നാൽ സി പി എം ജില്ലാ കമ്മിറ്റി നികേഷിന് പകരം സുമേഷിനെയാണ് ശുപാർശ ചെയ്തത്. അഴീക്കോട് ഇത്തവണ പിടിക്കുമെന്നാണ് സി പി എം പറയുന്നത്. എന്നാൽ അഴീക്കോട് വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് കെ എൻ ഷാജി. അഴിമതിയാരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് അഴീക്കോടുകാർക്കറിയാമെന്നാണ് ഷാജി പറയുന്നത്. ഇതോടെ അഴീക്കോട് മത്സരം കനക്കും.
കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ മൽസരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഐഷ പോറ്റി മൂന്നു തവണ ജയിച്ച മണ്ഡലമാണ് കൊട്ടാരക്കര. മട്ടന്നൂരിൽ മന്ത്രി  കെ കെ ശൈലജ മൽസരിക്കുമെന്നും തീരുമാനമായി.


തരൂരിൽ എ കെ ബാലന് പകരം ബാലന്റെ ഭാര്യ ജമീലയെ മത്സരിപ്പിക്കാനും തീരുമാനിച്ചിരിക്കയാണ്.
ഷൊർണ്ണൂരിൽ സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ മത്സരിക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും, വിജയരാഘവൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. ഷൊർണ്ണൂരിൽ പി കെ ശശിക്കും സീറ്റില്ല. ഡി വൈ എഫ് ഐ വനിതാ നേതാവിനോട് അപമര്യാദയോടെ പെരുമാറിയെന്ന ആരോപണത്തിൽ പാർട്ടി നടപടി നേരിട്ട എം എൽ എയാണ് പി കെ ശശി.
ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കും.  

രണ്ട് ടേമിൽ കൂടുതൽ തവണ മത്സരിക്കാൻ ആർക്കും ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം സി പി എം നടപ്പാക്കും. ഇതോടെ ആലപ്പുഴ ജില്ലയിൽ ഡോ തോമസ് ഐസക്കിനും, ജി സുധാരനും ഒരിക്കൽകൂടി അവസരം നൽകണമെന്ന  ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം നടപ്പാവില്ല. ആലപ്പുഴ ജില്ലയിൽ വലിയ തിരിച്ചടിക്ക് ഇത് കാരണമായേക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വാദം.

വൈപ്പിനിൽ എസ് ശർമ്മയ്ക്കും അവസരം നൽകില്ല. വി എൻ ഉണ്ണികൃഷ്ണനാണ് വൈപ്പിനിൽ ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥിയാവുക.


 

LEAVE A REPLY

Please enter your comment!
Please enter your name here