തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാകുക അല്ലെങ്കിൽ കഴിഞ്ഞ മന്ത്രിസഭയിലെ ഒന്നോ രണ്ടോ പേരെ നിലനിർത്തി ബാക്കി പുതുമുഖങ്ങളെ പരിഗണിക്കുക എന്നീ സൂത്രവാക്യങ്ങളാണ് ചർച്ചയിലുളളത്. ടേം വ്യവസ്ഥയിൽ സഖ്യകക്ഷികൾക്ക് മന്ത്രിപദം വച്ചുമാറാനുളള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.ഓരോ സീറ്റ് വീതമുളള കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം ലഭിക്കും. അതേസമയം രണ്ടു മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം സി.പി.എം വീണ്ടും തള്ളി.

അതിനുളള സാദ്ധ്യതയില്ലെന്ന് സി.പി.എം ആദ്യറൗണ്ട് ചർച്ചയിൽ തന്നെ അറിയിച്ചിരുന്നു. രണ്ടാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ചീഫ് വിപ്പ് പദവി എന്ന ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.റവന്യൂ, കൃഷി വകുപ്പുകളിൽ കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിൽ തങ്ങളുടെ കൈവശമുളള വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന് സി.പി.ഐ സി.പി.എം നേതൃത്വത്തെ അറിയിച്ചു. ലോക് താന്ത്രിക് ജനതാദൾ ഒഴികെയുളള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം പങ്കിട്ടു നൽകി തുടക്കത്തിലേ കല്ലുകടി ഒഴിവാക്കാനുളള ശ്രമം നടക്കുന്നുണ്ടെങ്കിലും ജെ.ഡി.എസിതനെയും എൽ.ജെ.ഡിയേയും ഒറ്റ പാർട്ടിയായി പരിഗണിക്കുമെന്ന സി.പി.എം വിശദീകരണം എൽ.ജെ.ഡിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.കെ.കെ. ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് വീണ്ടും അവരുടെ കൈകളിൽ ഏൽപ്പിക്കാനുളള സാദ്ധ്യത കൂടുതലാണ്. എന്നാൽ എല്ലാവരും പുതുമുഖങ്ങളെന്ന ആവശ്യം അംഗീകരിക്കേണ്ടി വന്നാൽ ശൈലജയ്ക്ക് ഏതു പദവി നൽകുമെന്നത് ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

ഇത്തവണ വനിത സ്പീക്കറാകാനുളള സാദ്ധ്യതയും ഉയർന്നു കേൾക്കുന്നുണ്ട്.വീണാ ജോർജിന് പ്രധാനപ്പെട്ട പദവി ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എ.സി. മൊയ്തീൻ മന്ത്രിസഭയിൽ ഇല്ലെങ്കിൽ മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരെ പരിഗണിച്ചേക്കും. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും. വി. ശിവൻകുട്ടി, എം. ബി. രാജേഷ്, സജി ചെറിയാൻ, പി. നന്ദകുമാർ, വി.എൻ. വാസവൻ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാദ്ധ്യതയുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകൾ വേണമെന്ന് തീരുമാനിച്ചാൽ കാനത്തിൽ ജമീലയ്ക്ക് സാദ്ധ്യത തെളിയും. കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്.കഴിഞ്ഞ മന്ത്രിസഭയിൽ അവസരം ലഭിക്കാതിരുന്ന കെ.ബി. ഗണേശ്കുമാറിന് ഇത്തവണ നറുക്ക് വീണേക്കും. മറ്റ് പാർട്ടികളെക്കൂടി പരിഗണിക്കണം എന്നുളളതുകൊണ്ടുതന്നെ അദ്ദേഹത്തെ ഫുൾ ടേം പരിഗണിക്കാൻ സാദ്ധ്യത കുറവാണ്. നാളെ ഇടതുമുന്നണി യോഗത്തിനുശേഷമാകും മന്ത്രിസ്ഥാന വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കറും സിപീക്കറും സി.പി.എമ്മിൽ നിന്നുണ്ടാകും. സി.പി.ഐക്കാകട്ടെ നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാകും ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here