കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐയുമായി സഖ്യത്തിനില്ലെന്ന് സി പി എം. നഗരസഭയിൽ നടക്കുന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിട്ടു നിൽക്കും. നഗരസഭയിൽ എസ്ഡിപിഐയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധത്തിനില്ല, അധികാര സ്ഥാനത്തിനു വേണ്ടി പുറത്തുനിന്നുള്ള വർഗീയ കക്ഷികളുമായി ചേർന്ന് മത്സരിക്കുകയും സ്ഥാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന യു ഡി എഫിന്റെ നിലപാടുകളല്ല എൽ ഡി എഫിനുള്ളതെന്നും സി പി എം ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു

അവിശ്വാസപ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടല്ല. ജനാധിപത്യവിരുദ്ധമായും വിവേചനപരമായും പ്രവർത്തിക്കുന്ന യുഡിഎഫ് ചെയർപേഴ്‌സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എൽഡിഎഫ് സ്വീകരിച്ചത്. അവിശ്വാസത്തിൽ പുറത്തായ അവസരം മുതലാക്കി വർഗീയ കക്ഷികളുമായി ചേർന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാൻ എൽഡിഎഫ് തയ്യാറല്ല. ഈ സാഹചര്യത്തിൽ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തിൽ വരുവാൻ എൽഡിഎഫ് താൽപര്യപ്പെടുന്നില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ടയിൽ യുഡിഎഫ് ചെയർപേഴ്‌സണിനെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 28 അംഗ നഗരസഭാ കൗൺസിലിൽ 15 വോട്ടോടെയാണ് അവിശ്വാസം പാസായത്. ഒൻപത് എൽ ഡി എഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്ഡിപിഐ വോട്ടുകളും അവിശ്വാസം പാസാകാൻ ലഭിക്കുകയായിരുന്നു. ഇതോടെയാണ് സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് ആരോപിച്ച് യു ഡി എഫും ബിജെപിയും രംഗത്തെത്തിയത്. മുൻപ് മൂന്നു തവണ എസ്ഡിപിഐ, സിപിഎം ചെയർമാനെ പിന്തുണച്ചിരുന്നു. 28 അംഗങ്ങളുള്ള നഗരസഭയിൽ 14 പേരുടെ പിന്തുണയാണ് യുഡിഎഫ് ഭരണത്തിന് ഉണ്ടായിരുന്നത്. എന്നാൽ അവിശ്വാസപ്രമേയ ചർച്ച നടന്ന ദിവസം ഒരു യുഡിഎഫ് അംഗം കൂറുമാറിയിരുന്നു. ഇന്നാാണ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് .

LEAVE A REPLY

Please enter your comment!
Please enter your name here