ടോക്കിയോ: ജപ്പാനിൽ വ്യാഴാഴ്ച അനുഭവപ്പെട്ട കനത്ത മഞ്ഞുവീഴ്ച മൂലം ആയിരക്കണക്കിന് പേർ ദേശീയപാതയിൽ കാറുകളിൽ കുടുങ്ങി. രാജ്യത്തിന്റെ മദ്ധ്യ, വടക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. ഇത് മൂലം, ഗതാഗതം തടസപ്പെടുകയും ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധിയാളുകൾ തലസ്ഥാന നഗരിയായ ടോക്കിയോയെയും മറ്റ് പ്രാധാന നഗരങ്ങളേയും ബന്ധിപ്പിക്കുന്ന കനെറ്റ്സു എക്സ്പ്രസ് ഹൈവേയിൽ കുടുങ്ങിയത്. ഇവർക്ക് റൈസ് ബോൾസ്, ബ്രെഡ്, ബിസ്കറ്റുകൾ, മധുര പലഹാരങ്ങൾ, 600 കുപ്പി വെള്ളം, എന്നിവ വിതരണം ചെയ്തെന്നാണ് വിവരം.

ദേശീയപാതയുടെ മദ്ധ്യത്തിലായി കനത്ത മഞ്ഞിൽ ഇടിച്ച് ഒരു കാർ കുടുങ്ങിയതിനെത്തുടർന്നാണ് ഗതാഗത തടസമുണ്ടായത്.വ്യാഴാഴ്ച രാത്രി 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്താണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരിക്കുന്നതെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗതാഗതക്കുരുക്ക് നീക്കാനും കാറുകൾക്കുള്ളിലുള്ളവരെ രക്ഷപ്പെടുത്താനുമായി ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ തുടർന്നിരുന്നുവെന്നാണ് അന്തർദ്ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.കാറിൽ ഏറെ നേരം കുടുങ്ങി കിടക്കുന്നവർക്ക് കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുള്ള നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്. അതേസമയം, കനത്ത മഞ്ഞുവീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here