ധാക്ക: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ബംഗ്ലാദേശും ഏഴ്‌ കരാർ ഒപ്പിട്ടു. ബംഗാളിലെ കൂച്ച്‌ ബിഹാറിനെയും വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ ചിലഹതിയെയും ബന്ധിപ്പിച്ച്‌ റെയിൽ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനമായി. 1965ലെ ഇന്ത്യ–-പാക്‌ യുദ്ധകാലത്താണ്‌ ഈ റെയിൽപ്പാത അടച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീനയും  നടത്തിയ വെർച്വൽ ഉച്ചകോടിയിലാണ്‌ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം ശക്തമാക്കുന്ന തീരുമാനങ്ങൾ. ബംഗ്ലാദേശ്‌ വിമോചനയുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായത്തിന്‌ നന്ദി പറഞ്ഞ ഹസീന ബംഗ്ലാദേശിന്റെ യഥാർഥ സുഹൃത്തെന്ന്‌  ഇന്ത്യയെ വിശേഷിപ്പിച്ചു. 30 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട വിമോചനയുദ്ധം വിജയിച്ചതിന്റെ 49–-ാം വാർഷികമായിരുന്നു ബുധനാഴ്‌ച. ഈ യുദ്ധത്തിൽ ബംഗ്ലാദേശിന്റെ പക്ഷത്ത്‌ പോരാടി രക്തസാഷിത്വം വരിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതായി ഹസീന പറഞ്ഞു.രാഷ്‌ട്രപിതാക്കളായ മുജിബുർ റഹ്‌മാനെയും മഹാത്മാ ഗാന്ധിയെയും കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനം മോഡിയും ഹസീനയും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന ബന്ധം എടുത്തുപറഞ്ഞ ഹസീന ഇന്ത്യക്കാർ വൻതോതിൽ ബംഗ്ലാദേശിലെ ഉൽപ്പാദന, സേവന മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്‌ എന്ന്‌ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക്‌ ഏറ്റവുമധികം വിനോദസഞ്ചാരികളും ചികിത്സയ്‌ക്ക്‌ രോഗികളും വരുന്നത്‌ ബംഗ്ലാദേശിൽനിന്നാണെന്നും അവർ പറഞ്ഞു.

കോവിഡ്‌ നേരിടുന്നതിൽ ഇരുരാജ്യങ്ങളുടെയും വിജയവും ഹസീന പറഞ്ഞു. 17 കോടിയോളം ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഇതുവരെ അഞ്ച്‌ ലക്ഷത്തിൽതാഴെ ആളുകൾക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 7200ൽ താഴെയാണ്‌ മരണം. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 99 ലക്ഷം കടന്ന്‌ ഒരു കോടിയോടടുക്കുന്നു. മരണസംഖ്യ 1.44 ലക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here