ബീജിങ്‌: കോവിഡ്‌ ഉറവിടം സംബന്ധിച്ച സൂചനകൾ തേടി ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്‌ഒ) പത്തംഗ ദൗത്യസംഘം ജനുവരിയിൽ ചൈനയിലെത്തും. രോഗം ആദ്യം കണ്ടെത്തിയ വുഹാനിലും കഴിയുമെങ്കിൽ മറ്റ്‌ ചൈനീസ്‌ നഗരങ്ങളിലും ഡബ്ല്യുഎച്ച്‌ഒ സംഘം ചൈനീസ്‌ വിദഗ്ധരുമായി ചേർന്ന്‌ പഠനം നടത്തും. ചൈനയിലെത്തി രണ്ടാഴ്‌ച ക്വാറന്റൈനുശേഷം സംഘം നാലാഴ്‌ച അവിടെയുണ്ടാകും.

ഡബ്ല്യുഎച്ച്‌ഒ സംഘത്തിന്‌ ചൈന പൂർണ പിന്തുണ വാഗ്ദാനം ചെയ്‌തിട്ടുണ്ട്‌. രോഗം ആദ്യം കണ്ടെത്തിയത്‌ ചൈനയിലാണെങ്കിലും അതിന്റെ ഉറവിടം ഇവിടെയാണ്‌ എന്ന്‌ അർഥമില്ലെന്ന്‌ അവർ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞവർഷാവസാനം ലോകത്തിന്റെ പലഭാഗത്തും രോഗം പൊട്ടിപ്പുറപ്പെട്ടതായി പിന്നീട്‌ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അമേരിക്കയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ പരാജയപ്പെട്ട പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ചൈനയെ പഴിച്ചുതുടങ്ങിയതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളായി.

ലോകത്താകെ ഇതുവരെ 7.54 കോടിയിലധികം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിൽ 16.80 ലക്ഷത്തോളം ആളുകൾ മരിച്ചു. അമേരിക്കയിൽ മരണസംഖ്യ 3.20 ലക്ഷത്തോളമായി. അവിടെ വ്യാഴാഴ്‌ച 3278 പേരാണ്‌ മരിച്ചത്‌. മരണസംഖ്യ 1.85 ലക്ഷം കടന്ന ബ്രസീലിലും വ്യാഴാഴ്‌ച ആയിരത്തിലധികം കോവിഡ്‌ രോഗികൾ മരിച്ചു. ലോകത്താകെ 12880 പേരാണ്‌ വ്യാഴാഴ്‌ച മരിച്ചത്‌.

രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ അസാമാന്യവിജയം നേടിയ ചൈനയിൽ കഴിഞ്ഞ ഏപ്രിൽ 17നുശേഷം ആരും മരിച്ചിട്ടില്ല. ഇതുവരെ 86789 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച അവിടെ ആകെ 4634 പേരാണ്‌ മരിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here