ബ്രസീലിയ : കോവിഡ് വാക്സീൻ കമ്പനിക്കെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസോനരോ. വാക്സീന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന ഫൈസർ കമ്പനിയുടെ നിലപാടിനെതിരെയാണ് ബൊൽസോനരോ രംഗത്തെത്തിയത്. വാക്സീൻ കുത്തിവച്ച് ആളുകൾ മുതലയായി മാറിയാലും സ്ത്രീകൾക്ക് താടി വളർന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചടി.

‘ഫൈസർ കമ്പനിയുടെ കരാറിൽനിന്ന് അതു വ്യക്തമാണ്. മരുന്നു കുത്തിവച്ച് നിങ്ങൾ മുതലയായി മാറിയാൽ അത് നിങ്ങളുടെ കുഴപ്പമാണ്. സ്ത്രീകൾക്ക് താടി വളർന്നാലും പുരുഷൻമാർ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയാലും കമ്പനി യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ല’– അദ്ദേഹം പറഞ്ഞു. അതേസമയം ബ്രസീലിൽ വാക്സീൻ വിതരണം ആരംഭിച്ചു. വാക്സീൻ സൗജന്യമായിരിക്കുമെന്നും ആരെയും വാക്സീൻ എടുക്കാൻ നിർബന്ധിക്കില്ലെന്നും ബൊൽസോനരോ പറഞ്ഞു.

താൻ വാക്സീൻ സ്വീകരിക്കില്ലെന്ന് പറ‍ഞ്ഞത് തെറ്റായ സന്ദേശമാണ് നൽകുന്നെന്ന് ചില ആളുകൾ പറയുന്നുണ്ട്. എന്നാൽ തനിക്ക് വൈറസ് ബാധിച്ചിരുന്നുവെന്നും അതിനാൽ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടുവെന്നും വാക്സീന്റെ ആവശ്യമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. 72 ലക്ഷം ആളുകൾക്കാണ് ബ്രസീലിൽ കോവിഡ് പിടിപെട്ടത്. 185,000 പേർ മരിച്ചു എന്നാണ് കണക്ക്. കോവിഡ് ചെറിയൊരു പനി മാത്രമാണെന്നായിരുന്നു ബൊൽസോനരോയുടെ ആദ്യ നിലപാട്. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here