ലണ്ടന്‍: യു.കെയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും മുന്നറിയിപ്പ്. ബ്രിട്ടണില്‍ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടര്‍ന്നുപിടിച്ചേക്കാമെന്നും യു.കെ ജനിറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് മുന്നറിയിപ്പ് നല്‍കി.

കോവിഡ് വാക്‌സിന്‍ ബ്രിട്ടണില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍ വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവെപ്പിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പീകോക്ക് വ്യക്തമാക്കി.

വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടണ്‍ വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക , ബ്രസീലിയന്‍ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു.

കോവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാല്‍ ഇതിനായി പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും ഷാരോണ്‍ പീകോക്ക് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here