ബെയ്‌ജിംഗ്: ബി ബി സി ചാനലിന് ചൈനയിൽ നിരോധനം. ഉളളടക്ക ലംഘനത്തിന്റെ പേരിൽ ബി ബി സി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം.

പ്രക്ഷേപണത്തിനുളള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടി വി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു. റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുളള നിർദ്ദേശം ബി ബി സി ലംഘിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

ചൈനയിൽ പ്രക്ഷേപണം തുടരാൻ ബി ബി സിയെ അനുവദില്ലെന്നും പ്രക്ഷേപണത്തിനായുളള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സർക്കാർ പ്രസ്‌താവനയിലൂടെ അറിയിച്ചു. ചൈനയിലെ മിക്കവാറും ടി വി ചാനൽ പാക്കേജുകളിലും ബി ബി സി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഹോട്ടലുകളിലും റെസിഡൻസ് ഏരിയകളിലും ബി ബി സി ലഭ്യമായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബി ബി സിയുടെ പ്രതികരണം. സംഭവത്തെ അപലപിച്ച് അമേരിക്കും രംഗത്തെത്തിയിട്ടുണ്ട്.

ബി ബി സി നിരോധിച്ചത് മാദ്ധ്യമ സ്വാതന്ത്രത്തിന്മേലുളള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു. മാദ്ധ്യമ-ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന്മേൽ ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിനു മുമ്പിൽ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുളളൂവെന്നും ഡൊമിനിക് റാബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here