സാവോ പോളോ: ബുധനാഴ്ച 2009 മരണംകൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ബ്രസീലിൽ കോവിഡ്‌ മരണം മൂന്നുലക്ഷം കടന്നു. ആകെ 3,01,087 പേരാണ്‌ ഇവിടെ ബുധനാഴ്‌ചവരെ കോവിഡിന്‌ ഇരയായത്‌. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം മരണം ബ്രസീലിലാണ്‌. വേൾഡോമീറ്റർ കണക്കു‌ പ്രകാരം വ്യാഴാഴ്ച വൈകിട്ടുവരെ 5,58,422 പേർ യുഎസിൽ മരിച്ചു. മൂന്നാം സ്ഥാനത്ത്‌ മെക്സിക്കോയാണ്‌–- 1,99,048. മരണസംഖ്യ അതിവേഗം ഉയരുന്ന ബ്രസീലിൽ ചൊവ്വാഴ്ചമാത്രം 3251 പേർ കോവിഡിന്‌ ഇരയായി. മരണസംഖ്യ രണ്ടുലക്ഷത്തിൽനിന്ന്‌ മൂന്നുലക്ഷം കടക്കാൻ എടുത്തത്‌ 75 ദിവസംമാത്രം.

അതിനിടെ, കോവിഡ്‌ സാഹചര്യം ഗുരുതരമായപ്പോഴും റഷ്യയുടെ സ്പുട്‌നിക്‌ വി വാക്സിൻ വാങ്ങുന്നതിൽനിന്ന്‌ ബ്രസീലിനെ അമേരിക്ക വിലക്കിയതായി വാഷിങ്‌ടൺ പോസ്റ്റ്‌‌ റിപ്പോർട്ട്‌ ചെയ്തു. ‘തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള’ ക്യൂബ, വെനസ്വേല, റഷ്യ എന്നീ രാജ്യങ്ങളുടെ ശ്രമം പരാജയപ്പെടുത്താനായിരുന്നത്രെ ട്രംപ്‌ ഭരണകാലത്ത്‌ നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തിയ നീക്കം. ബ്രസീൽ, ചൈന, ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ജനീവയിലെ യുഎൻ മിഷനിലുമാണ്‌ അമേരിക്കയ്‌ക്ക്‌‌ നിലവിൽ ആരോഗ്യ അറ്റാഷെമാരുള്ളത്‌.

നാല്‌ സാധ്യതയെന്ന്‌ ശാസ്ത്രജ്ഞർ
ഒറ്റ വർഷംകൊണ്ട്‌ ലോകത്ത് 27 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ ഉറവിടം തേടുന്നത്‌ ഊർജിതമാക്കി ശാസ്ത്രജ്ഞർ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചൈനീസ്‌, അമേരിക്കൻ വിദഗ്‌ധർ ഉൾപ്പെടെയുള്ളവർ നാല്‌ നാധ്യതയാണ്‌ പരിശോധിക്കുന്നത്‌: വവ്വാലിൽനിന്ന്‌ മറ്റ്‌ മൃഗങ്ങളിൽക്കൂടി മുനുഷ്യരിലേക്ക്‌ എത്തിയിരിക്കാം, വവ്വാലിൽനിന്ന്‌ നേരിട്ട്‌ മനുഷ്യരിലേക്ക്‌, ശീതീകരിച്ച ഭക്ഷണസാമഗ്രികളടങ്ങിയ പായ്‌ക്കറ്റുകളിൽക്കൂടി എത്തിയിരിക്കാം, വുഹാൻ വൈറോളജി ലാബിൽനിന്ന്‌ ചോർന്നിരിക്കാം.
ശീതീകരിച്ച ഭക്ഷ്യവസ്തുവിൽക്കൂടി മനുഷ്യരിൽ എത്തിയിരിക്കാമെന്ന സാധ്യതയിൽ ചൈന ഉറച്ചുനിൽക്കുന്നു. എന്നാൽ പഠനം ആരംഭിച്ച കാലത്ത്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ്‌ ട്രംപ്‌ ‘വൈറസ്‌ ചോർച്ച’ ആരോപണം‌ നിരന്തരം ഉന്നയിച്ചിരുന്നു‌. ഇത്‌ രണ്ടും വിദൂര സാധ്യതകൾ മാത്രമാണെന്ന നിലപാടിലാണ്‌ ശാസ്ത്രജ്ഞർ.

സാംക്രമിക രോഗ വിദഗ്‌ധർ, വെറ്ററിനറി ഡോക്ടർമാർ, ഡാറ്റാ ശാസ്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ 10 അംഗ സംഘമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. വുഹാൻ സന്ദർശിച്ച ഡബ്ല്യൂഎച്ച്‌ഒ സംഘത്തിന്റെ നിഗമനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൂടുതൽ പരിശോധനയ്‌ക്കുശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ പുറത്തിറക്കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here