കെയ്റോ: രാജ്യാന്തര കപ്പൽപ്പാതയായ ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ പടുകൂറ്റൻ ചരക്കുകപ്പൽ എവർ ഗിവൺ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വലിയ ടഗ് ബോട്ടുകൾ ഉപയോഗിച്ച് മണ്ണിലമർന്നുപോയ കപ്പൽ വലിച്ചുമാറ്റുകയായിരുന്നു. കപ്പൽ ചലിച്ചുതുടങ്ങിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കപ്പലിന്റെ മുൻവശം ഇന്നലെ അല്പം ഉയർത്താനായിരുന്നു. ഇതോടെ പ്രൊപ്പല്ലുകൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. 14 ടഗ് ബോട്ടുകളാണ് രക്ഷാപ്രവർത്തനിന് ഉണ്ടായിരുന്നത്. കപ്പൽ മാറ്റാൻ കഴിഞ്ഞെങ്കിലും കനാലിലൂടെയുള്ള ഗതാഗതം എപ്പോൾ പുനസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല.

പല രാജ്യങ്ങളിൽ നിന്നുള്ള 450ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ എന്ന കപ്പൽ ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ കുടുങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നാണിത്. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഇതോടെ കനാൽ വഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങുകയായിരുന്നു. ചൈനയിൽ നിന്ന് നെതർലൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയിലെ തടസം ആഗോള വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയർത്തിയിരുന്നു.ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുകയും ബോട്ടുകൾ ഉപയോഗിച്ച് കപ്പൽ വശത്തേക്ക് വലിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ആദ്യമൊന്നും വിജയിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിംഗ് നടത്തിയിരുന്നു.ഇതോടെയാണ് രക്ഷാപ്രവർത്തനം വിജയത്തിലേക്ക് എത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here