കെയ്റോ: ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയുംദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തെതെന്നുമാണ് കനാല്‍ അതോറിറ്റി മേധാവി പറഞ്ഞു.

തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു.അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതായും വിവരമുണ്ട്. ജപ്പാന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ ഓപ്പറേറ്റ് ചെയ്യുന്നത് തായ്‌വാന്‍ കമ്പനിയാണ്. നിലവില്‍ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റര്‍ ലേക്കിലാണ് എവര്‍ഗിവണ്‍ നങ്കൂരമിട്ടിരിക്കുന്നത്. മാര്‍ച്ച് 23-നാണ് ഭീമന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കപ്പല്‍ ഗതാഗതം നിലച്ചതോടെ വ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here