ജനീവ: ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ്‌–- 19 വകഭേദം ബി 1.617 നിലവിൽ 53 രാജ്യത്ത്‌ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന. ഇന്ത്യൻ വകഭേദത്തിന്റെ മൂന്ന്‌ വംശാവലിയിൽ ബി 1.617.2 ആണ്‌ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയത്‌–- 54. ബി 1.617.1 വകഭേദം 41ഉം ബി 1.617.3 വകഭേദം ആറും രാജ്യത്ത്‌ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഇന്ത്യയിൽ പുതിയ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ 23 ശതമാനം കുറവുണ്ടായെന്നും ഡബ്ല്യൂഎച്ച്‌ഒയുടെ കോവിഡ്‌ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും പ്രതിദിന രോഗികൾ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണ്‌ കൂടുതൽ.

കഴിഞ്ഞ ആഴ്ച ലോകത്തെ പുതിയ കോവിഡ്‌ രോഗികളുടെ എണ്ണം 14 ശതമാനവും മരണം രണ്ട്‌ ശതമാനവും കുറഞ്ഞു. 25 വരെയുള്ള ഒരാഴ്ചയിൽ ഇന്ത്യയിൽ കോവിഡ്‌ സ്ഥിരീകരിച്ചവർ 18,46,055. തൊട്ടുപിന്നിൽ ബ്രസീൽ–- 4,51,424. ഇവിടെ മുൻ ആഴ്ചത്തേക്കാൾ മൂന്ന്‌ ശതമാനം കൂടുതലാണ്‌.

പുതിയ രോഗികൾ കുറഞ്ഞാലും മരണം ഉയർന്നുതന്നെയിരിക്കുന്നു. കഴിഞ്ഞയാഴ്‌ച ഏറ്റവും കൂടുതൽ മരണം ഇന്ത്യയിലാണ്‌–- 28,982. മുൻവാരത്തേക്കാൾ നാലുശതമാനം കൂടുതൽ. ഒരു ലക്ഷം കോവിഡ്‌ ബാധിതരിൽ 2.1 പേർ മരിക്കുന്നു. കോവിഡ്‌ മരണത്തിൽ നേപ്പാളിൽ ആറുശതമാനവും ഇൻഡോനേഷ്യയിൽ 10 ശതമാനവും വർധനയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here