കാബുൾ: താലിബാനുമായി സൗഹൃദത്തിനു തയ്യാറാണെന്നും താലിബാൻ ഭരണത്തെ അംഗീകരിക്കുന്നതായും ചൈന. താലിബാൻ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മറ്റാരുടേയും പ്രേരണ കൂടാതെ തങ്ങളുടെ വിധി തിരഞ്ഞെടുക്കുവാനുള്ള അഫ്‌ഗാൻ ജനതയുടെ സ്വാതന്ത്ര്യത്തെ ചൈന അംഗീകരിക്കുന്നുവെന്നും പുതിയ ഭരണനേതാക്കന്മാരുമായി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും ഹുവാ ചുന്യാങ്ങ് പറഞ്ഞു. തുടർന്നും അഫ്‌ഗാനിസ്ഥാന്റെ വിവിധ മേഖലകളിലെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ചൈനയ്ക്കു സന്തോഷം മാത്രമേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

അതേസമയം രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്റഫ് ഘനിക്കെതിരെ അഫ്‌ഗാനിസ്ഥാനിൽ അമർഷം പുകയുകയാണ്. തങ്ങളെ ദുരിതാവസ്ഥയിലേക്ക് തള്ളിയിട്ടിട്ട് പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന പൊതുവികാരമാണ് അഫ്‌ഗാനിസ്ഥാനിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട ഘനി അമേരിക്കയിൽ അഭയം തേടിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. പലായനം ചെയ്ത ഘനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നൽകാത്തതിനെ തുടർന്നാണ് ഘനി അമേരിക്കയിലേക്ക് പോകുന്നത്. എന്നാൽ ഇതിന് ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല. ഘനി ഇപ്പോൾ ഒമാനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here