വത്തിക്കാൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. മാർപ്പാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വച്ചാണ് ഇരുവരുടേയും കൂടിക്കാഴ്ച. നേരത്തെ മോദിക്ക് വത്തിക്കാൻ അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

2000ൽ അടൽ ബിഹാരി വാജ്പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്റാൾ എന്നീ പ്രധാനമന്ത്രിമാർ ആണ് ഇതിനു മുമ്പ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ.

മോദി – മാർപ്പാപ്പ കൂടിക്കാഴ്ചയെ ചരിത്രപരവും നിർണായകവുമെന്ന് വിശേഷിപ്പിച്ച വിദേശകാര്യവകുപ്പ്, കൂടിക്കാഴ്ച അരമണിക്കൂറോളം നീളാനാണ് സാദ്ധ്യതയെന്ന് അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് സൗഖ്യം നേർന്നുകൊണ്ട് മാർപ്പാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. കൊവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ഏകദേശം കരകയറുന്ന അവസരത്തിലാണ് മോദി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇരുവരുടേയും ചർച്ചക്കിടയിൽ കൊവിഡ് സാഹചര്യം കടന്നു വരുമെന്ന് ഉറപ്പാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായേക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിന് ക്ഷണിക്കാനും സാദ്ധ്യതയുണ്ടെന്ന് വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരുവർക്കുമിടയിൽ ചർച്ചക്കായി നിരവധി വിഷയങ്ങൾ ഉണ്ട് എന്നതും ഇന്നത്തെ കൂടിക്കാഴ്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here