ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലുണ്ടാക്കിയ കരാര്‍ ലംഘിച്ച് ഗ്രീസിലേക്ക് വീണ്ടും അഭയാര്‍ഥി പ്രവാഹം തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അഭയാര്‍ഥികളായി എത്തുന്നവരെ തുര്‍ക്കിയിലേക്ക് അയക്കണമെന്നാണ് ധാരണ. എന്നാല്‍ ശനിയാഴ്ച രാത്രി സിറിയയില്‍ നിന്നുമുള്ള 30 അഭയാര്‍ഥികള്‍ വീതമുള്ള അഞ്ച് ബോട്ടുകളാണ് തുര്‍ക്കിയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് എത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി പ്രകാരം സിറിയയില്‍ നിന്ന് വരുന്ന അഭയാര്‍ഥികളെ തുര്‍ക്കിയുടെ അഭയാര്‍ഥി ക്യാമ്പിലേക്ക് അയക്കും. ഇതിന് വേണ്ട ധനസഹായം യൂറോപ്യന്‍ യൂണിയന്‍ നല്‍കും. എന്നാല്‍ യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ഥികള്‍ തിരികെ പോകാന്‍ സന്നദ്ധരാകുന്നില്ല. തുര്‍ക്കിയിലെ സാഹചര്യവും തങ്ങളുടെ രാജ്യത്തെ സാഹചര്യവും ഒരുപോലെയാണെന്നും അവര്‍ പറയുന്നു.

യൂറോപ്പിലേക്ക് കുടിയേറുന്ന ഭൂരിഭാഗം പേരും ഒരു മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വരുന്നത്. ഇതിന് പുറമെ മുന്‍കാലങ്ങളില്‍ പലായനം ചെയ്ത തങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടിച്ചേരലിനായി എത്തുന്നവരും ഉണ്ട്. ഭനാല് വര്‍ഷമായി ഞാന്‍ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നയാളാണ്. തുര്‍ക്കിയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പിതാവും രണ്ട് സഹോദരിമാരും ജര്‍മനിയിലാണ്. എനിക്ക് അവരുടെ അടുത്ത് എത്തണം’­അലപ്പൊയില്‍ നിന്നുള്ള ഒരു അഭയാര്‍ഥി പറഞ്ഞു. അഭയാര്‍ഥികളുടെ ഒഴുക്കും കള്ളക്കടത്തും തടയുക എന്ന ലക്ഷ്യം പറഞ്ഞ് ഉണ്ടാക്കിയ കരാറിനെതിരെ യൂറോപ്പിലെ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഉടമ്പടി വരുന്നതിന് മുമ്പെ കഴിഞ്ഞ വെള്ളിയാഴ്ച 1500 അഭയാര്‍ഥികള്‍ ഈജിയന്‍ സമുദ്രം മുറിച്ചു കടന്നതായി അ­ധികൃതര്‍ പറഞ്ഞു.

അഭയാര്‍ഥികളെ തിരികെയെത്തിക്കുന്നതിനായി 2300 സുരക്ഷാ ജീവനക്കാരെയാണ് തുര്‍ക്കി സജ്ജമാക്കുന്നത്. ഫ്രാന്‍സും ജര്‍മനിയും 600 സുരക്ഷാ ജീവനക്കാരെ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വന്‍ നടപടി ആണ് പുതിയ ഉടമ്പടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു. ഉടമ്പടിക്കെതിരെ ലണ്ടന്‍, ഏഥന്‍സ്, ബാര്‍സിലോണ, വിയന്ന, ആംസ്റ്റര്‍ഡാം, സ്വിറ്റ്‌­സര്‍ലാന്‍ഡിലെ വിവിധ നഗരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഉടമ്പടി നടപ്പാക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം വേണമെന്ന തങ്ങളുടെ വാദത്തിന് കൂടുതല്‍ കരുത്തുണ്ടാകുമെന്നാണ് തുര്‍ക്കിയുടെ കണക്ക് കൂട്ടല്‍. ഇതിന് പുറെ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ആറ് ബില്യണ്‍ യൂറോയും തുര്‍ക്കിക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here