ന്യൂഡല്‍ഹി: ഐ.എസ്. ഭീകരര്‍ യെമനില്‍നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. തോമസ്  ഉഴുന്നാലിലിനെ  കുരിശില്‍ തറച്ചുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
വൈദികനെ ദുഃഖവെള്ളിയാഴ്ച ഭീകരര്‍ വധിച്ചതായി വാഷിങ്ടണ്‍ ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തത തേടി വിദേശകാര്യ മന്ത്രാലയം വത്തിക്കാനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

വൈദികനെ വധിച്ചതായും ഇക്കാര്യം വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റഫ് സ്‌കോബോണ്‍ സ്ഥിരീകരിച്ചതായും ‘വാഷിങ്ടണ്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ ഈ മാസം നാലിനാണു തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം നാലുവര്‍ഷമായി യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും സേവനം ചെയ്തിരുന്നു.

രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ ഇദ്ദേഹത്തെ വധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here