കീവ്: റഷ്യയുമായുളള യുദ്ധത്തില്‍ ഇതുവരെ 3000 യുക്രൈന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുളളതായി യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ സെലെന്‍സ്‌കി. പതിനായിരത്തിലധികം സൈനികര്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റതായും സെലെന്‍സ്‌കി വ്യക്തമാക്കി. പരിക്കേറ്റവരില്‍ എത്ര പേര്‍ അതിജീവിക്കും എന്നത് പറയാന്‍ സാധിക്കില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. അതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിന് ശേഷം 900ലധികം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്.

 
 

കഴിഞ്ഞ ദിവസം റഷ്യയുടെ ഒരു യുദ്ധക്കപ്പല്‍ യുക്രൈന്‍ സൈന്യം കരിങ്കടലില്‍ വെച്ച് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തിരുന്നു. അതിന് പിന്നാലെ യുക്രൈന്‍ സൈന്യത്തെയും ജനതയേയും അഭിനന്ദിച്ച് സെലെന്‍സ്‌കി രംഗത്ത് വന്നു. പൊരുതുക എന്നുളള ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെടുത്തതിന് യുക്രൈനിലെ ജനതയെ വാഴ്ത്തുന്നു എന്നാണ് പ്രസിഡണ്ട് പ്രതികരിച്ചത്. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിക്കുമ്പോള്‍ കീഴടങ്ങാന്‍ റഷ്യ തങ്ങള്‍ക്ക് അനുവദിച്ച സമയം 5 ദിവസം ആയിരുന്നു. എന്നാല്‍ റഷ്യന്‍ ആക്രമണത്തെ 50 ദിവസം ചെറുത്ത് നില്‍ക്കാനായി എന്നതില്‍ യുക്രൈന്‍ ജനത അഭിമാനം കൊള്ളേണ്ടതുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.

അന്ന് സുഹൃത്തുക്കളായ രാഷ്ട്രത്തലവന്മാര്‍ യുക്രൈന്‍ വിടാനാണ് സെലെന്‍സ്‌കിയോട് ഉപദേശിച്ചത്. റഷ്യന്‍ സൈന്യത്തിന് മുന്നില്‍ യുക്രൈന് പിടിച്ച് നില്‍ക്കാനാവും എന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ യുക്രൈന്‍ ജനത എത്ര ധീരരാണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു. തങ്ങളുടെ സ്വാതന്ത്ര്യത്തേയും സ്വന്തം താല്‍പര്യ പ്രകാരമുളള ജീവിതം നയിക്കാനുളള സാധ്യതയേയും യുക്രൈന്‍ ജനത എത്രമാത്രം വിലമതിക്കുന്നു എന്നതും അവര്‍ക്ക് അറിയില്ലായിപുന്നു എന്നും സെലെന്‍സ്‌കി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

റഷ്യന്‍ കപ്പലുകള്‍ക്ക് അടിത്തട്ടിലേക്കാണെങ്കിലും മടങ്ങിപ്പോക്ക് സാധ്യമാണെന്ന് യുക്രൈന്‍ സൈന്യം കാണിച്ച് കൊടുത്തു. റഷ്യയുടെ മിസൈല്‍ ക്രൂയിസര്‍ ആയ മോസ്‌കവ ആണ് കഴിഞ്ഞ ദിവസം ആക്രമണത്തില്‍ ഗുരുതരമായി തകര്‍ന്നതിന് പിന്നാലെ കരിങ്കടലില്‍ മുങ്ങിപ്പോയത്. തങ്ങള്‍ കപ്പലില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ അവകാശപ്പെടുമ്പോള്‍ റഷ്യന്‍ കേന്ദ്രങ്ങള്‍ പറയുന്നത് ആക്രമണമുണ്ടായിട്ടില്ലെന്നും കപ്പലില്‍ തീപിടിച്ചുവെന്നുമാണ്. അതേസമയം യുക്രൈൻ മിസൈൽ ആക്രമണത്തിൽ തന്നെയാണ് റഷ്യൻ കപ്പൽ മുങ്ങിപ്പോയത് എന്നാണ് അമേരിക്കയുടെ സ്ഥിരീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here