കൊളംബോ: സാമ്പത്തിക അസ്ഥിരത നേരിടുന്ന ശ്രീലങ്കയില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറി. മുന്‍ മന്ത്രിയുടെയും എംപിയുടെയും വീടുകള്‍ ജനക്കൂട്ടം കത്തിച്ചു. മുന്‍ മന്ത്രി ജോണ്‍സണ്‍ ഫെര്‍ണാണ്ടോയുടെ മൗണ്ട് ലിവിനിയയിലെ വീടാണ് കത്തിച്ചത്. സനത് നിശാന്ത എംപിയുടെ വീടും കത്തിച്ചു. വ്യാപക അക്രമം നടക്കുകയാണ് ശ്രീലങ്കയില്‍. കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഇവരെ നേരിടാന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ അനുയായികളും രംഗത്തുവന്നു.

സംഘര്‍ഷം വ്യാപിക്കുന്നതിനിടെയാണ് മഹീന്ദ രാജപക്‌സെ രാജി പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ ഒരു എംപിയും കൊല്ലപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂലികളും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി രാജിവച്ച പശ്ചാത്തലത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കും. പ്രതിപക്ഷത്തിന് കൂടി പ്രാതിനിധ്യമുള്ള സര്‍ക്കാരാകും അധികാരത്തിലെത്തുക. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ധനവില കുത്തനെ വര്‍ധിക്കുകയാണ്. ഇറക്കുമതി സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നു. ഇതെല്ലാമാണ് ജനങ്ങളെ തെരുവിലിറക്കിയത്.

പ്രധാനമന്ത്രിയെ അനുകൂലിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഗ്രാമീണ മേഖലകളില്‍ നിന്ന് കൊളംബോയിലെത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ തടിച്ചൂകൂടിയ ഇവര്‍ പ്രക്ഷോഭകരെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കൊളംബോയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് തലസ്ഥാനത്ത്. മറ്റു പ്രധാന നഗരങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നത് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു എന്നതിന്റെ സൂചനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here