കൊളംബോ: ഇല്ലായ്മകളിൽ പൊറുതിമുട്ടിയ ശ്രീലങ്കയിൽ ജനം, പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ വസതിയിലേക്കും ഓഫീസിലേക്കും ഇരച്ചുകയറി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോതാബയ ഒഴിയണമെന്നായിരുന്നു ആവശ്യം. പ്രതിഷേധക്കാർ വസതി വളഞ്ഞപ്പോൾതന്നെ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം വിമാനത്താവളപരിസരത്ത് കണ്ടിരുന്നു. ഇദ്ദേഹം രാജ്യം വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. വൈകുന്നേരത്തോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാരിനായി വഴിമാറുന്നെന്നാണ് അറിയിച്ചത്.

 

ഇതിനിടെ ഗോതാബയ രാജപക്‌സെ ബുധനാഴ്ച രാജിവെക്കുമെന്ന് പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ്പ അബേവർധന രാത്രി വൈകി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ചേർന്ന സർവകക്ഷി നേതാക്കളുടെ യോഗം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉടൻ രാജിവെക്കണമെന്നും ഏഴുദിവസത്തിനകം പാർലമെന്റ് വിളിച്ചുകൂട്ടി ആക്ടിങ് പ്രസിഡന്റിനെ നിയമിക്കണമെന്നും സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള അംഗം പ്രധാനമന്ത്രിയാകുകയും ഇടക്കാല സർവകക്ഷി സർക്കാർ രൂപവത്‌കരിക്കുകയും വേണം. ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ അധികാരത്തിൽ വരണമെന്ന് യോഗത്തിൽ വിവിധ പാർട്ടികൾ അറിയിച്ചു. ഇതിനുശേഷമാണ് ഗോതാബയ രാജിതീരുമാനം അറിയിച്ചത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ അപേവർധന ആക്ടിങ് പ്രസിഡന്റാകണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

ജനകീയ പ്രക്ഷോഭത്തിന്റെ അസാധാരണ കാഴ്ചകൾക്കാണ് തലസ്ഥാനമായ കൊളംബോ ശനിയാഴ്ച വീണ്ടും വേദിയായത്. ബാരിക്കേഡുകൾ തകർത്തും മതിൽ ചാടിക്കടന്നും ആളുകൾ മുന്നോട്ടുകുതിച്ചു. സുരക്ഷാസേന വെടിവെച്ചതിൽ മൂന്നു പേർക്ക് പരിക്കേറ്റു. കണ്ണീർവാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 36 പേർ ചികിത്സയിലുണ്ട്.

 

പ്രതിഷേധം മുൻകൂട്ടിക്കണ്ട് പ്രസിഡന്റിന്റെ വസതിക്ക് ശക്തമായ കാവലേർപ്പെടുത്തിയിരുന്നു. 20,000 പോലീസുകാരെയാണ് വിന്യസിച്ചത്. വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് അന്നുതന്നെ പിൻവലിക്കേണ്ടിവന്നു.

ശനിയാഴ്ച രാവിലെമുതൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്ന് ആളുകൾ തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളിൽനിന്നും കൊളംബോയിലേക്ക് ട്രെയിൻ സർവീസ് നടത്തിയത്. ഇന്ധനക്ഷാമം അവഗണിച്ച് സ്വകാര്യ ബസുകളും നിരത്തിലിറങ്ങി.

പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ ഉല്ലസിക്കുന്നതിന്റെയും കിടപ്പുമുറികളും അടുക്കളയുമെല്ലാം അലങ്കോലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. കോളനിക്കാലത്തെ ആഡംബര നിർമിതിയായ പ്രസിഡന്റിന്റെ വസതി ശ്രീലങ്കയിൽ അധികാരകേന്ദ്രത്തിന്റെ പ്രതീകമാണ്. രാത്രി പ്രതിഷേധക്കാർ റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here