20 ശതകോടി ഡോളര്‍ സംഭാവന നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവനയായി നൽകിയത്. കൊവിഡ്-19, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ഉയരുന്ന ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബില്‍ഗേറ്റ്‌സ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ജീവ കാരുണ്യ സംഘടനകളിലൊന്നാണ് ബില്‍ ആന്റ് ഗേറ്റ്‌സ്. 2026 ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയർത്തികൊണ്ട് വരാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്‌സ് വ്‌ളോഗിലൂടെ അറിയിച്ചിരുന്നു.

“കൂടുതൽ നൽകുന്നതിലൂടെ, ആളുകൾ ഇപ്പോൾ നേരിടുന്ന ചില കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഓരോ വ്യക്തിക്കും ആരോഗ്യകരവും ഉൽപ്പാദന ക്ഷമവുമായ ജീവിതം നയിക്കാനുള്ള അവസരം നൽകുന്നതിനുള്ള ഫൗണ്ടേഷന്റെ കാഴ്ചപ്പാട് നിറവേറ്റാൻ സഹായിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- അദ്ദേഹം പറഞ്ഞു.

20 വര്‍ഷം മുമ്പ് ബില്ലും മുന്‍ ഭാര്യ മെലിന്‍ഡയും ആരംഭിച്ച സംഘടനയില്‍ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുതെന്നാണ് ബിൽഗേറ്റ്‌സ് പറയുന്നത്. ബ്ലൂബെര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്‌സ് പ്രകാരം ഏകദേശം 114 ശതകോടി ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് ലോകത്തിലെ നാലാമത്തെ അതിസമ്പന്നനായ വ്യക്തിയാണ്. ഒന്നര പതിറ്റാണ്ടോളമായി ലോകത്തെ ധനികരുടെ പട്ടികയിൽ മൂൻനിരയിലുണ്ട് ഗേറ്റ്സ്. പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിക്കുകയും അതിന്റെ വളർച്ചയിൽ അവിഭാജ്യഘടകമാകുകയും ചെയ്ത മൈക്രോസോഫ്റ്റ്, ബിൽ ഗേറ്റ്സും പോൾ അലനും ചേർന്നാണ് സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here