ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ( 4,000 people infected with HIV across world every day: UN )

 
 
 

കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

മധ്യ ഏഷ്യ, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. എയിഡ്സ് ബാധിതരുടെ എണ്ണം ഏഷ്യ പസഫിക്ക് മേഖലകളിൽ വളരെ കൂടുതലാണ്. കിഴക്കൻ – തെക്കൻ ആഫ്രിക്കയിൽ രോഗ പ്രതിരോധ മേഖലയിലെ പുരോ​ഗതി 2021-ൽ കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

എയ്‌ഡ്‌സ് പ്രതിരോധം മന്ദ​ഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്നും യുഎൻഎഐഡിഎസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ വിന്നി ബയനിമ പറയുന്നു. 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് 2021-ൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. 2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആക്കണമെന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോൾ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here