ലാഹോർ: പാകിസ്താനിൽ സർക്കാർ ആശുപത്രിയുടെ മേൽക്കൂരയിൽ അഴുകിയനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. സമൂഹമാധ്യമങ്ങൾ പ്രതിഷേധം ഉയർന്നതോടെ കടുത്ത നടപടിക്ക് പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹി ഉത്തരവിട്ടു. സംഭവത്തിൽ വിദഗ്ധസമിതി അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുസ്‍മിൽ ബാഷിറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാവും അന്വേഷണം നടത്തുക. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ലാഹോറിൽ നിന്നും 350 കിലോ മീറ്റർ അകലെയുള്ള ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധി സമാൻ ഗുജ്ജാർ സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിലെ മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം. ആശുപത്രിയിലെത്തി മോർച്ചറി തുറക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ ഇതിന് തയാറായില്ല. എന്നാൽ, തുറന്നില്ലെങ്കിൽ കേസെടുക്കുമെന്ന് അറിയിച്ചതോടെ മോർച്ചറി തുറക്കുകയായിരുന്നു. മോർച്ചറിയിൽ അഴുകിതുടങ്ങിയനിലയിൽ മൃതദേഹങ്ങൾ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.

പല മൃതദേഹങ്ങളും നഗ്നമാക്കപ്പെട്ടനിലയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായാണ് മൃതദേഹം സൂക്ഷിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. സംഭവത്തിന് പിന്നാലെ അഴുകിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ദഹിപ്പിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here