കാബുള്‍: അന്യപുരുഷനൊപ്പം വീട് വിട്ടുപോയതിന് താലിബാന്‍ കല്ലെറിഞ്ഞു കൊല്ലുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി. അഫ്ഗാനിസ്താനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹിതനായ ഒരു യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത്. ഇവരെ പിടികൂടിയ താലിബാന്‍ ഇക്കഴിഞ്ഞ 13ന്, വ്യാഴാഴ്ച യുവാവിനെ പരസ്യമായി വധിച്ചിരുന്നു. യുവതിയെ വെള്ളിയാഴ്ച പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കാന്‍ അവര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിതകളുടെ ജയില്‍ ഇല്ലാത്തതിനാല്‍ യുവതിയെ പാര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനു മുന്‍പ് സ്‌കാര്‍ഫ് ഉപയോഗിച്ച് അവര്‍ തൂങ്ങിമരിച്ചുവെന്ന് താലിബാന്‍ പറയുന്നു.

അടുത്തകാലത്തായി പല പ്രവിശ്യകളില്‍ നിന്നും സ്ത്രീകള്‍ ഒളിച്ചോടുന്നതിന്റെ വാര്‍ത്തകള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇവരെ പിടികൂടി പരസ്യമായി കല്ലെറിഞ്ഞൊ തൂക്കിലേറ്റിയോ വധിക്കാന്‍ താലിബാന്‍ തീരുമാനിച്ചിരുന്നു. സ്ത്രീകള്‍ക്ക് താലിബാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് ഒളിച്ചോട്ടം വര്‍ധിച്ചത്. ആറാം ക്ലാസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സ്ത്രീകളുടെ എല്ലാ മനുഷ്യാവകാശങ്ങളും റദ്ദാക്കിയിരുന്നു. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ജോലി, പൊതുഇടങ്ങളിലെ ഒത്തുചേരല്‍ എല്ലാം നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here