ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെയും പിന്നിലാക്കി ദുബായ് ഏറ്റവും വലിയ ടവർ നിർമിക്കുന്നു. ദുബായ് വികസിപ്പിക്കുന്ന ദുബായ് ക്രീക്ക് ഹാർബർ സമുച്ചയത്തിലാണ് പുതിയ ടവർ ഉയരുന്നത്. ദുബായ് എക്സ്പോ 2020 നു മുൻപ് നിർമാണം പൂർത്തിയാക്കും. ലില്ലിപ്പൂവിന്റെ ആകൃതിയും മേഖലയിലെ ഇസ്ലാമിക് സംസ്കാരത്തിന്റെ സ്വാധീനവും സമന്വയിക്കുന്നതാകും ടവറിന്റെ രൂപകൽപന. സ്പാനിഷ് ആർക്കിടെക്റ്റും എൻജിനീയറുമായ സാന്റിയാഗോ കലട്രാവായാണ് രൂപകൽപന നിർവഹിക്കുന്നത്.

ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൌൺടൌൺ ദുബായ് പോലെ ദുബായിയുടെ പുതിയ വാണിജ്യ താമസ മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു ദുബായ് ക്രീക്കിന്റെ വികസനം. ദുബായ് ക്രീക്കിന്റെ ഹൃദയഭാഗമായി ടവർ മാറ്റുകയാണ് ലക്ഷ്യം. രാജ്യാന്തര തലത്തിൽ രൂപകൽപകർ സമർപ്പിച്ച അപേക്ഷകളിൽനിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് സാന്റിയാഗോയുടെ രൂപകൽപന തിരഞ്ഞെടുത്തത്.

ദുബായ് ഡൌൺ ടൌണിനെക്കാൾ ഇരട്ടി വലിപ്പത്തിലാണ് ദുബായ് ക്രീക്ക് ഹാർബറിന്റെ നിർമാണം. ആറ് ചതുരശ്ര കിലോമീറ്ററിൽ നിർമിക്കുന്ന പദ്ധതി പ്രദേശത്തേയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പത്തുമിനിറ്റ് ദൂരം മാത്രമാണുള്ളത്. ദുബായ് ക്രീക്കിന്റെ വാട്ടർഫ്രണ്ട് ലഭിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. റാസൽ ഖോർ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രവും സമീപത്താണ്. ലോകത്തിലെ 67 തരം ജല പക്ഷികളുടെ സങ്കേതമാണ് കേന്ദ്രം.

ദുബായിയും യുഎഇയും ആഘോഷിക്കുന്ന ക്രീയാത്മകതയ്ക്കും ഊർജത്തിനും ശുഭാപ്തിവിശ്വാസത്തിനുമുള്ള അഭിവാദ്യമാണു ദുബായ് ക്രീക്ക് ടവറെന്നു എമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലാബ്ബാർ പറഞ്ഞു. വൈവിധ്യവും മനുഷ്യനേട്ടങ്ങളും ആഘോഷിക്കുന്ന, ലോകത്തിന് പ്രതീക്ഷയുടെ തിളങ്ങുന്ന അടയാളമായ പുതിയ ഈ നാഴികക്കല്ല രാജ്യത്തിന്റെ ലക്ഷ്യവും നാളെയെക്കുറിച്ചുള്ള ദർശനവും ദേശീയ അഭിമാനവും എടുത്തുപറയുന്ന ഒന്നാകും. 2020 എക്സ് പോയ്ക്കായി ഒരുങ്ങുന്ന ദുബായ് ലോകത്തിനു സന്ദർശിക്കാനും ആസ്വദിക്കാനും ആഘോഷിക്കാനും നൽകുന്ന ഒരു കേന്ദ്രമാണിത്.

രൂപകൽപനയിലെ മികവു മാത്രമല്ല, പരിസ്ഥിതിയും കണക്കിലെടുത്തിട്ടുണ്ട്. സ്മാർട്ട് സാങ്കേതിക വിദ്യകളും ഇതിന്റെ പിന്നിലുണ്ട്. ദുബായിക്കും യുഎഇയും സാമ്പത്തിക മൂല്യവുംകൂടി പകരുന്നതാണു ടവർ. ജീവിക്കാനും ജോലിചെയ്യാനും പഠിക്കാനും വിനോദോപാധികളിൽ ഏർപ്പെടാനും മറ്റുമായി താമസക്കാർക്കും സന്ദർശകർക്കും അവസരം നൽകുന്ന താമസകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായിരിക്കും ദുബായ് ക്രീക്ക് ഹാർബർ എന്നും അദ്ദേഹം അറിയിച്ചു.sheikh-moahmmed-tower-2

LEAVE A REPLY

Please enter your comment!
Please enter your name here