ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് ഓരോ വർഷവും യുകെയിൽ ജോലി ചെയ്യുന്നതിനായി 3,000 വീസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തിയതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം.

കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടർച്ചയായി ഇന്ന് യുകെ ഇന്ത്യ യങ് പ്രഫഷനൽ സ്‌കീം യഥാർഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതൽ 30 വയസ് വരെയുള്ള യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് വീസയുടെ പ്രയോജനം ലഭിക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാരുമായി ബ്രിട്ടിഷ് സർക്കാർ യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്.

 

ഇന്ത്യയുമായുള്ള മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമർശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ നേരത്തെ നടത്തിയ പ്രസ്‌താവനകൾക്കെതിരെ ഇന്ത്യ അനിഷ്‌ടം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രഫഷനലുകളുടെ തൊഴിൽപരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തിക ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിന് കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തുടക്കമിട്ടത്. എന്നാൽ ഋഷി സുനക്കിന്റെയും സുവെല്ല ബ്രേവർമാന്റെയും നേതൃത്വത്തിലുള്ള സർക്കാർ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കിയേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ജി20 സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ചയിൽ യുകെയിൽ ഇന്ത്യക്കാർക്കുള്ള തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഉറപ്പു നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here