തോഷഖാന കേസിൽ കീഴടങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് കോടതി. കോടതിയിൽ കീഴടങ്ങിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് സെഷൻസ് ജഡ്ജി സഫർ ഇക്ബാൽ പറഞ്ഞതായി പാകിസ്താനിലെ പ്രമുഖ മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്തു. 

ഫെബ്രുവരി 28ന് സെഷൻസ് കോടതിയിൽ ഹാജരാവണമെന്നാണ് ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, മറ്റ് കോടതികളിൽ ഹാജരാകേണ്ടതിനാൽ ഇത് ഒഴിവാക്കിത്തരണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇമ്രാൻ ഖാൻ പലതവണ കോടതിയിൽ ഹാജരാവാനുള്ള ഉത്തരവുകൾ ലംഘിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇമ്രാൻ ഖാനെ ഇന്ന് രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോറിലെ ഒരു കോടതി ഉത്തരവിട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതിനു പിന്നാലെ ലാഹോറിലെ തെരുവുകളിൽ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. ഇന്ന് പൊലീസ് വീണ്ടും എത്തിയെങ്കിലും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിട്ടില്ല. തെരുവിൽ പൊലീസുകാരും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. വെള്ളിയാഴ്ച വരെ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെത്തിയ പൊലീസിനെ പിടിഐ പാർട്ടി പ്രവർത്തർ തടഞ്ഞു. ഇവർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. അറസ്റ്റിനു വഴങ്ങിയാൽ കൊലപ്പെടുമെന്ന് ഭയമുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച സംഭാവനകളും സമ്മാനങ്ങളും അനധികൃതമായി വിറ്റ് പണം സംബന്ധിച്ചു എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ ഖജനാവിലേക്ക് മാറ്റും. പിന്നീട് ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി ഇവ വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങി ഇവ പിന്നീട് മറിച്ചുവിറ്റു എന്നതാണ് ആരോപണം. ഇത് കൂടാതെ ഭീകരവാദ ഫണ്ടിംഗ്, വിദേശത്തു നിന്ന് സംഭാവന സ്വീകരണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളും അദ്ദേഹത്തിന് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here